KOCHI April 14: ചെറിയ മാന്ദ്യത്തിന് ശേഷം വീണ്ടും ദേശീയ പുരസ്ക്കാര വേദിയില്‍ മലയാളം വെന്നിക്കൊടി പാറിക്കുമ്പോള്‍ ഗാനഗന്ധര്വ്വന് യേശുദാസ് വീണ്ടും മലയാളികളുടെ സ്വകാര്യ അഹങ്കാരമാകുന്നു.
ഇന്ത്യയിലെ ഏറ്റവും മികവുറ്റ പാട്ടുകാരനെന്ന അനന്യ നേട്ടം ഒരിക്കല്‍ കൂടി സ്വന്തമാക്കി മലയാളികളുടെ സ്വന്തം ദാസേട്ടന് വാണിജ്യ സിനിമയില്‍ വീണ്ടും വീണ്ടും ചരിത്രം രചിക്കുകയാണ്.
ഇത്തവണയും മികച്ച ഗായകനായി മാറിയപ്പോള്‍ അദ്ദേഹത്തെ തേടി പുരസ്ക്കാരമെത്തിയത് എട്ടാം തവണ.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച ഗായകനായി ദേശീയ പുരസ്ക്കാരം നേടിയിട്ടുള്ളയാളും യേശുദാസ് തന്നെ. എന്നാല്‍ ഇത്തവണ പുരസ്ക്കാരം വന്നത് കാല് നൂറ്റാണ്ടിന് ശേഷമാണ്്.
1972 ല്‍ അച്ഛനും ബാപ്പയും എന്ന സിനിമയിലൂടെ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഗാനഗന്ധര്വ്വന് പിറ്റേവര്‍ഷവും പുരസ്ക്കരം നേടി തുടര്‍ച്ചയായി രണ്ടു വട്ടം അവാര്‍ഡ് സ്വന്തമാക്കി.
വിശ്വാസപൂര്‍വ്വം മന്‍സൂറിലൂടെ എട്ടാം തവണയും പുരസ്ക്കാരം നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക ഗായകനായും മാറി.
അഞ്ചു തവണ മികച്ച ഗായകനായ തമിഴിന്റെ സ്വന്തം എസ് പി ബാലസുബ്രഹ്മണ്യമാണ് യേശുദാസിന്റെ തൊട്ടടുത്ത് നില്‍ക്കുന്നത്. സോപനത്തിലൂടെ 1993 ലായിരുന്നു യേശുദാസ് അവസാനമായി പുരസ്ക്കാരം നേടിയത്.
ദേശീയ പുരസ്ക്കാര വേദിയില്‍ 1972, 73, 76, 82, 87, 91, 93 എന്നീ വര്‍ഷങ്ങളിലായിരുന്നു നേട്ടമുണ്ടാക്കിയത്.
തലമുറകളിലായി ഭാഷാഭേദമെന്യെ ഇന്ത്യയിലെ അനേകം സംഗീത സംവിധായകര്‍ക്ക് കീഴില്‍ പല സംസ്ഥാനങ്ങളിലെയും സംഗീത പ്രേമികളെ വിസ്മയിപ്പിച്ച അദ്ദേഹം 25 വര്‍ഷത്തിന് ശേഷവും ഇതിഹാസമായി തുടരുമ്പോള്‍ സംഗീത വഴിയിലെ ഇന്ത്യയിലെ പുതിയ തലമുറയ്ക്കും പാഠപുസ്തകമായി മാറുകയാണ്.
ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 10,000 ഗാനങ്ങള്‍ സിനിമയ്ക്ക് വേണ്ടി പാടിയ അദ്ദേഹം ബംഗാളി, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, അറബി, ഇംഗ്ളീഷ്, ലാറ്റിന്‍, റഷ്യന്‍ എന്നീ ഭാഷകളിലും അഞ്ചു ദശകത്തിനിടയില്‍ പാടിയിട്ടുണ്ട്.
സംസ്ഥാന പുരസ്ക്കാര നേട്ടത്തിന്റെ കാര്യത്തില്‍ കാല് സെഞ്ച്വറി നേടിയിട്ടുള്ള യേശുദാസിന്റെ തൊട്ടടുത്ത് 16 തവണ പുരസ്ക്കാരം നേടിയിട്ടുള്ള ചിത്രയാണ് നില്‍ക്കുന്നത്.
മായാനദിയിലെയും വിമാനത്തിലെയും പാട്ടുകളിലൂടെ കഴിഞ്ഞ വര്‍ഷവും സംസ്ഥാന പുരസ്ക്കാരം യേശുദാസിനെ തേടിയെത്തിയിരുന്നു. വിശ്വാസപൂര്‍വ്വം മന്‍സൂറിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെയായിരുന്നു ഇത്തവണ മികച്ച ഗായകനുള്ള പുരസ്ക്കാരം കേരളത്തിലേക്ക് കൊണ്ടുവന്നത്.
ഇതിനൊപ്പം തമിഴില്‍ അഞ്ചു തവണയും തെലുങ്കില്‍ നാലു തവണയും ബംഗാളിയില്‍ ഒരു തവണയും അദ്ദേഹം മികച്ച ഗായകനായി മാറി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മ വിഭൂഷണും നല്കി ആദരിച്ച അദ്ദേഹം വിവിധ ഭാഷകളിലായി 70,000 ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.