24-Apr-2018

റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവ് ; കുറ്റം സമ്മതിച്ച് അലിഭായ്

തിരുവനന്തപുരം April 11: മുന്‍ റേഡിയോജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സ്വാലിസ് ബിന്‍ ജലാല്‍ എന്ന അലിഭായി കുറ്റം സമ്മതിച്ചു.
 
വിദേശത്തുള്ള രാജേഷിന്റെ സുഹൃത്തായ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുടുംബജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അലിഭായ് പോലീസിനോട് പറഞ്ഞു. പോലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് അലിഭായി കുറ്റം സമ്മതിച്ചത്.
 
ക്വട്ടേഷന്‍ നല്‍കിയത് നൃത്താദ്ധ്യാപികയുടെ വിദേശത്തുള്ള ഭര്‍ത്താവ് അബ്ദുള്‍ സത്താറാണെന്നു അലിഭായ് പോലീസിനോട് വ്യക്തമാക്കി രാജേഷും ഖത്തറിലെ നൃത്താദ്ധ്യാപികയും തമ്മിലുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് നേരത്തേ തന്നെ പോലീസിന് വ്യക്തമായിരുന്നു.
 
അബ്ദുള്‍ സത്താറുമായുള്ള വിവാഹത്തിന് പിന്നാലെയാണ് നൃത്താദ്ധ്യാപിക രാജേഷുമായി അടുക്കുന്നത്.
 
തനിക്ക് രാജേഷുമായി സൗഹൃദത്തിനപ്പുറത്തെ അടുപ്പം ഉണ്ടായിരുന്നെന്നും അയാള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നതായും കഴിഞ്ഞയാഴ്ചയാണ് നൃത്താദ്ധ്യാപിക ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 
 
തങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഖത്തറില്‍ രാജേഷ് ജോലി ചെയ്തിരുന്ന സ്ഥലത്ത് പരാതി നല്‍കുകയും എട്ടുമാസം മുമ്പ് രാജേഷിനെ സ്ഥാപനം പുറത്താക്കുകയും ചെയ്തു. ഒരു കുടുംബസ്ഥന്‍ ആയിരുന്നതിനാല്‍ ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുപോന്നു കഴിഞ്ഞും താന്‍ സമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നതായും യുവതി പറഞ്ഞു.
 
സംഭവം നടക്കുമ്പോള്‍ താന്‍ രാജേഷുമായി സംസാരിക്കുകയായിരുന്നു എന്നും അക്രമത്തെ തുടര്‍ന്ന് ഇരയുടെ അവസാന കരച്ചില്‍ താന്‍ കേട്ടതായും ഇവര്‍ മൊഴി നല്‍കിയിരുന്നു. 
 
''കൊല്ലരുതേ,'' എന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടെന്നും ഞെട്ടിപ്പോയ അവര്‍ പെട്ടെന്ന് തന്നെ കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
 
പോലീസാണ് ഒടുവില്‍ അയാള്‍ മരിച്ച വിവരം നൃത്താദ്ധ്യാപികയെ വിളിച്ച് അറിയിച്ചത്. കൊലയ്ക്കു പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
 
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് അലിഭായിയെ പിടികൂടിയത്. ഖത്തറില്‍ നിന്നും കേരളത്തില്‍ ഇറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു പിടികൂടിയത്. ഖത്തറില്‍ നിന്നും വേറെ പേരിലായിരുന്നു ഇയാള്‍ തിരുവനന്തപുരത്തെത്തിയത്.
 
ഇന്ന് നാട്ടിലെത്തുമെന്ന് നേരത്തേ വിവരം ലഭിച്ച പോലീസ് പ്രമുഖ വിമാനത്താളത്തിലെല്ലാം ഇയാളുടെ ചിത്രത്തോടെയുള്ള ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
 
കേസുമായി ബന്ധപ്പെട്ട് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ സ്വീകരിക്കുകയും കൃത്യം നടത്തുകയും ചെയ്തത് അലിഭായിയാണെന്നാണ് പോലീസ് പറയുന്നത്.
 
രാജേഷിനെ കൊലപ്പെടുത്താന്‍ മാത്രം നാട്ടിലെത്തുകയും കൃത്യം നടത്തി ബാംഗ്‌ളൂരു വഴി കാഠ്മണ്ഡുവിലേക്കും അവിടെ നിന്നും ഗള്‍ഫിലേക്കും പോകുകയായിരുന്നു. ഇതോടെയാണ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയും അവര്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇരിക്കുകയായിരുന്നു.
 
ഖത്തറിലുള്ള അലിഭായിയെ കേരളത്തില്‍ എത്തിക്കാന്‍ പോലീസ് ശ്രമം നടത്തി വരികയായിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു.
 
സംഭവത്തില്‍ ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറിനെ പിടികൂടാനും പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജേഷിന്റെ വനിതാസുഹൃത്തിനെയും ചോദ്യം ചെയ്‌തേക്കും. 
 
റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത് ക്വട്ടേഷന്‍ സംഘമാണെന്ന് മരിച്ച രാജേഷിന്റെ സുഹൃത്തിന്റെ മൊഴിയുണ്ടായിരുന്നു. ക‍ഴിഞ്ഞ മാസം 27 ന് രാത്രിയാണ് മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.
 
റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ്. ഗാനമേള പരിപാടികളില്‍ അവതാരകനായും മിമിക്രി കലാകാരനായും രാജേഷ് പോകാറുണ്ടായിരുന്നു. 


Other stories from this section