21-Jun-2018

ദിലീപിന് തിരിച്ചടി; വിചാരണ വൈകിപ്പിക്കാനാവില്ലെന്നു ഹൈക്കോടതി

കൊച്ചി March 13: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി.
 
വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ടു ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കേസിലെ വിചാരണ ബുധനാഴ്ച തന്നെ ആരംഭിക്കുമെന്ന് ഉറപ്പായി.
 
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.
 
എന്നാല്‍, വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. ദിലീപടക്കം എല്ലാ പ്രതികളും അന്ന് ഹാജരാകണം.
 
ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
 
ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
 
ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.


Other stories from this section