18-Jun-2018

ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഫീസ് 27 മുതല്‍ കൂടും; കുട്ടികളുടെ പാസ്‌പോര്‍ട്ടിനെയും ഒഴിവാക്കിയില്ല

ലണ്ടന്‍ March 9 : ലേബര്‍ പാര്‍ട്ടിയുടെയടക്കം എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല. ഈസ്റ്ററിനു മുമ്പ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ ഫീസ് കൂടും.
 
മുതിര്‍ന്നവരുടെയും കുട്ടികളുടെയും പാസ്‌പോര്‍ട്ടുകളുടെ അപേക്ഷാ നിരക്ക് കൂടും. മുതിര്‍ന്നവര്‍ക്കുള്ള പാസ്‌പോര്‍ട്ടിന് ഇപ്പോള്‍ 72.50 പൗണ്ടാണ് ഫീസ്. ഇത് 85 പൗണ്ടായി ഉയരും.
 
17 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പാസ്‌പോര്‍ട്ടുകളുടെ ഫീസിനും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 46 പൗണ്ട് ഈടാക്കിയിരുന്നത് 58.50 പൗണ്ടായി ഉയരും.
 
12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. 27 ശതമാനമാണ് വര്‍ദ്ധനയുടെ നിരക്ക്. മാര്‍ച്ച് 27 മുതല്‍ ഈ വിലവര്‍ദ്ധനവ് നടപ്പാകും. ഈ വരുന്ന ആഴ്ചകളില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടും.
 
16 വയസ് വരെ യുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് 12.50 പൗണ്ടാണ് വര്‍ദ്ധിപ്പിച്ചത്. ഫാസ്റ്റ് ട്രാക്ക് അപേക്ഷകളുടെ നിരക്ക് 103 പൗണ്ടില്‍ നിന്ന് 142 പൗണ്ടായും പ്രീമിയം സര്‍വീസുകള്‍ 128 പൗണ്ടില്‍ നിന്ന് 177 പൗണ്ടായും ഉയര്‍ത്തിയിട്ടുണ്ട്.
 
ഓണ്‍ലൈന്‍ അപേക്ഷകളുടെ നിരക്കില്‍ കാര്യമായ വര്‍ദ്ധനയില്ല. 3 പൗണ്ട് മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് വരുത്തിയിരിക്കുന്ന വര്‍ദ്ധന.
 
നേരിട്ടും ഓണ്‍ലൈനിലുമുള്ള അപേക്ഷകള്‍ക്ക് ഒരേ നിരക്ക് തന്നെയാണ് ഇതുവരെ ഈടാക്കി വരുന്നത്. ഇനി ഓണ്‍ലൈന്‍ അപേക്ഷകള്‍ ആണ് ലാഭകരം.
 
നിരക്ക് വര്‍ദ്ധനയെ ലേബര്‍ പാര്‍ട്ടി എതിര്‍ത്തുവെങ്കിലും ഭരണകക്ഷി എംപിമാര്‍ ഒരുമിച്ച് നിന്നത്തോടെ ഈ എതിര്‍പ്പ് മറികടക്കാനായി. 258ന് എതിരെ 317 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് കോമണ്‍സില്‍ പദ്ധതി പാസായി. 
 
അതിര്‍ത്തി സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത വര്‍ഷത്തോടെ 100 ദശലക്ഷം പൗണ്ട് നിക്ഷേപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷാനിരക്ക് ഉയര്‍ത്തിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
 
ഓണ്‍ലൈന്‍ അപേക്ഷകളേക്കാള്‍ പോസ്റ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള വര്‍ദ്ധിച്ച ചെലവാണ് അത്തരം ഫീസ് കുത്തനെ കൂട്ടിയതിന് ഹോം ഓഫീസിന്റെ ന്യായീകരണം.
 
നീല പാസ്‌പോര്‍ട്ടുകള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഫീസ് വര്‍ദ്ധനയെന്നും അവക്ക് അധികമായി പണച്ചെലവുണ്ടാകില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കി.


Other stories from this section