18-Jun-2018

കർദ്ദിനാൾ രാജാവല്ല! മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവ്

കൊച്ചി March 7: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്.
 
ഗൂഢാലോചന വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
 
കർദ്ദിനാളിനെ കൂടാതെ ഫാദർ ജോഷ് പൊതുവ, ഫാദർ വടക്കുമ്പാടൻ, ഇടനിലക്കാരൻ സജു വർഗീസ് എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു.
 
മജിസ്ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും വേണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
 
സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നതിനാൽ പോലീസ് അന്വേഷണം ആവശ്യമില്ലെന്ന കർദ്ദിനാളിന്റെ വാദം ഹൈക്കോടതി തള്ളി.
 
ഭൂമി ഇടപാടിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണം അനിവാര്യമാണെന്നും വിലയിരുത്തി.
 
അധികാരം പോപ്പിന് മാത്രമെന്ന കർദ്ദിനാളിന്റെ വാദം വിവാദമാകുന്നു! രാജ്യത്തെ നിയമം ബാധകമല്ലേ?
 
കർദ്ദിനാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ മാർപാപ്പയ്ക്കാണ് അധികാരമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 
കുറ്റകൃത്യത്തിൽ കാനോനിക നിയമത്തിനും പ്രസക്തിയില്ലെന്നും, കർദ്ദിനാൾ രാജ്യത്തെ നിയമവ്യവസ്ഥിതിക്ക് വിധേയനല്ലേയെന്നും കോടതി ചോദിച്ചു.
 
ഭൂമി ഇടപാടിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഹൈക്കോടതിയിൽ അരങ്ങേറിയത്. കർദ്ദിനാളിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിക്കുകയും ചെയ്തു.
 
കർദ്ദിനാളിന്റെ അഭിഭാഷകൻ ഉയർത്തിയ വാദം കേട്ട് കർദ്ദിനാൾ ഒരു രാജാവല്ലെന്നും ഹൈക്കോടതി പറഞ്ഞു.


Other stories from this section