19-Jul-2018
ukmalayaleeBack to Latest News

ശാസ്ത്രാവബോധവും മാനവികതയും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കാൻ 'Renaissance 18' മെയ് 14 മുതൽ

പ്രിയ കിരൺ 
 
വര്ഷങ്ങളായി അറിയാമെന്നും , ഇഷ്ടമാണെന്നും മകൾ സാക്ഷ്യപ്പെടുത്തിയൊരാളുടെ കൂടെ ജീവിക്കാൻ അവളെ കണ്ണടച്ച് അനുവദിക്കാൻ മാത്രം ബുദ്ധിശൂന്യരല്ല നമ്മൾ!  ജാതകം നോക്കി ജ്യോതിഷി പറയട്ടെ , പൊരുത്തമുണ്ടെങ്കിൽ പയ്യനെ കണ്ടിട്ടില്ലെങ്കിലും അവൾ ആ വിവാഹത്തിന് സമ്മതിച്ചേ തീരു. 
 
എന്നിട്ടും പണിക്കരുടെ കണക്കുക്കൂട്ടലിനപ്പുറം പൊരുത്തക്കേടെന്തെങ്കിലും അവരുടെ ജീവിതത്തിലുണ്ടായാൽ അത് വിധി, അല്ലാതെന്ത്?  അടുത്തുള്ള അമ്പലത്തിൽ രണ്ടു നേരം കൂവളത്തിന്റെ മാല കൊടുത്താൽ ശരിയാവുമെന്നു ഈ ഇരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പണിക്കർ തെളിച്ചിട്ടുണ്ട് - ഭാഗ്യം ! പക്ഷെ ഇത്രയും ത്രികാലജ്ഞാനിയായിട്ടും, റോഡ് മുറിച്ചു കടക്കുമ്പോൾ പണിക്കർ രണ്ടു വശവും നോക്കി ഉറപ്പ് വരുത്തുന്നതെന്തിനാണ്? അതങ്ങനെയല്ലേ വേണ്ടത്? "താൻ പാതി , ദൈവം പാതി "! 
 
ഉരുളി കമഴ്ത്തിയിട്ടു കുട്ടിയുണ്ടായില്ലെങ്കിൽ , അത് നാം ആ ആചാരം വിശ്വാസത്തോടെ ചെയ്യാതിരുന്നത് കൊണ്ടാവാം , ചോദ്യം ചെയ്തു ദേവിയുടെ ശക്തിയെ പരീക്ഷിക്കരുത്; പക്ഷെ അലോപ്പൊതി ചികിത്സ വേണ്ടും വിധം ഫലിച്ചില്ലെങ്കിൽ ആശുപത്രി തല്ലിപ്പൊളിക്കാം ! 
 
അങ്ങനെ വിചിത്രവാദങ്ങളുടെ നടുവിൽ പകച്ചു നിന്ന കേരളത്തിലെ കൗമാരത്തിലേക്ക് , മുണ്ടു മടക്കി കുത്തി , മീശ പിരിച്ചു, മുടങ്ങിക്കിടന്ന അമ്പലത്തിലെ ഉത്സവം നടത്താൻ ഒരാൾ വന്നു - കണിമംഗലം ജഗന്നാഥൻ തമ്പുരാൻ !  അഫൻ തമ്പുരാനും , ജഗനും , ഉണ്ണിമായയും .. ധനത്തിന്റെയും അതിനു പൂരകമായ  ആഢ്യത്വത്തിന്റെയും തൃശൂർ പൂരം സ്‌ക്രീനിൽ !  അമ്പലനവീകരണങ്ങളുടെയും , അഷ്ടമംഗല്യ പ്രശ്നങ്ങളുടെയുമൊക്കെ ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയതും ഏതാണ്ടീ കാലത്തായിരുന്നെന്നു ഓര്മയുണ്ട്. 
 
ഗൾഫിൽ കഷ്ടപ്പെടുന്ന കാശ് കൊണ്ട് തറവാട്ടമ്പലങ്ങൾ പണിത് മലയാളി ആഢ്യത്വത്തിന്റെ അവസാന വാക്കായി , സമാന്തരമായി പള്ളികളുമുയർന്നു. അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ ടെറസിൽ മകൻ കഞ്ചാവ് കൃഷി നടത്തും പോലെ , ശാസ്ത്രത്തിന്റെ പരിശ്രമഫലമായ വിവരസാങ്കേതികമാര്ഗങ്ങളുപയോഗിച്ചു  , " ചന്ദനം തൊടുന്നതിലെ ശാസ്ത്രീയത ", രാത്രിയിൽ നഖം വെട്ടരുതെന്നു പറയുന്നതിലെ രഹസ്യം " " മുള്ളാത്ത കഴിച്ചു രോഗശാന്തി നേടിയവർ " എന്നിങ്ങനെ പാതി വെന്ത യുക്തികൾ  പ്രചരിപ്പിച്ചു , അനേകർ സായൂജ്യമടഞ്ഞു !  ചുവടിൽ ഒരു പേര് പോലുമില്ലാത്ത ഇത്തരം ഫോർവേഡുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ദഹനക്കേടിനു ആരാണ് ഉത്തരം പറയുക? 
"എന്ത്കൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് " എന്ന ചോദ്യം ചോദിയ്ക്കാൻ എൺപതുകളെ പഠിപ്പിച്ച ശാസ്ത്രസാഹിത്യപരിഷത്തൊക്കെ ഇക്കാലമാവുമ്പോളേക്കും തീർത്തും നിശബ്ദവുമായി! 
 
ലോകം ശാസ്ത്രാവബോധത്തിന്റെയും, യുക്തിയുടെയും പുത്തൻ മാനങ്ങൾ തേടുമ്പോൾ , നമ്മുടെ റോക്കറ്റിനു കുതിക്കാൻ മുന്നിൽ നാരങ്ങ കെട്ടണം ! 
 
പാരമ്പര്യത്തിന്റെ ശക്തിയിൽ നിന്നും , നമ്മുടെ സ്വന്തം കാമനകളുടെ തടവിൽ നിന്നും മുക്തനായി യുക്തിപൂർവം ജീവിക്കാൻ തുടങ്ങുമ്പോളേ ഒരാൾ സ്വതന്ത്രചിന്തകനാകുന്നുള്ളൂ എന്ന് ബെർട്രാൻഡ് റസ്സൽ പറഞ്ഞിട്ടുണ്ട് . ഇത് രണ്ടിൽ നിന്നും പൂർണവിമുക്തി അസാധ്യമാവാം , എന്നാൽ , കൂടുതൽ കൂടുതൽ അതിനടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു തീർച്ചയായും പുനരുദ്ധരണം ആവശ്യമാണ്.  
 
മതം , ജാതി , പാരമ്പര്യം തുടങ്ങിയവ തരുന്ന വ്യാജസുരക്ഷാ ബോധതിനപ്പുറത്തേക്കു , സമൂഹ പരിഷ്ക്കരണത്തിനായി   " തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താപദ്ധതി"യുടെ യുക്തിയുമായി 1929 - ഇൽ ഒരു സഹോദരൻ അയ്യപ്പൻ കടന്നു വന്നെങ്കിൽ , സമാന ദൗത്യവുമായി , റിച്ചാർഡ് ഡാക്കിന്സിന്റെ  'ദി ഗോഡ് ഡിവൊല്യൂഷൻ' എന്ന പുസ്തകത്തിന്റെ സ്വതന്ത്രാവിഷ്‌ക്കാരമായ  " നാസ്തികനായ ദൈവം " എന്ന തന്റെ പുസ്തകവുമായി   2009 -ഇൽ കടന്നു വരുന്നത്, പ്രശസ്ത യുക്തിചിന്തകനായ ശ്രീ  സി രവിചന്ദ്രനാണ് .  
 
മരണം , രോഗം , വേർപാട്, ദാരിദ്ര്യം  തുടങ്ങി മനുഷ്യന്റെ അനിശ്ചിതത്തോടുള്ള ഭീതിയിൽ കെട്ടിപ്പൊക്കിയവയാണ് സമൂഹത്തിലെ അന്ധവിശ്വാസങ്ങളിൽ അധികവും. ഈ ഭയവും നിസ്സഹായതയും ചൂഷണം ചെയ്യാൻ മടിയില്ലാത്തൊരു വിഭാഗം മറുപുറത്തുണ്ടാകുമ്പോൾ , അതിന്റെ ദൂഷ്യഫലങ്ങൾ ഇരട്ടിക്കുന്നു. ' 
 
അമൂല്യമായ ജീവിതം നമുക്ക് ലഭിച്ചിരിക്കുന്നു, അത് ആസ്വദിക്കുക, എന്നാൽ അത് ഏതു നിമിഷവും കൈവിട്ടു പോവാമെന്ന യാഥാർഥ്യബോധവും , നമ്മളെല്ലാം ഒരൊറ്റ ഡി എൻ എ -യാൽ പരസ്പരം ബന്ധപ്പെട്ടിരിരിക്കുന്ന ജന്തുലോകവിസ്മയത്തിലെ ഒരു കണ്ണിയാണെന്നും തിരിച്ചറിവുമുണ്ടാവുക' - സി രവിചന്ദ്രൻ എന്ന യുക്തിവാദി മുന്നോട്ടു വെക്കുന്ന മാനവിക, സ്വതന്ത്ര, ശാസ്ത്ര  ചിന്തകൾ ഇന്നത്തെ നമ്മുടെ സമൂഹത്തിലെ ദുരഭിമാനക്കൊല , ജാതി , അന്ധവിശ്വാസങ്ങൾ തുടങ്ങി എത്രയോ അനാചാരങ്ങൾക്കു ഒറ്റമൂലിയാണ് !  
 
പുതു വിത്തുകൾ മുളക്കാൻ മഴ വേണമെന്നതു പോലെ , അത്തരം യുക്തിചിന്ത ആർജ്ജിച്ച ഒരു സമൂഹത്തിലേ, നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത 'ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുക'യും ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ,  ഓരോ പൗരനും ജീവിക്കാനാകൂ. 
 
ശാസ്ത്രാവബോധവും മാനവികതയും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കേണ്ടത് , " ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ " എന്ന് ചിന്തിക്കുന്ന ഓരോ മനുഷ്യന്റെയും കടമയാണ്. ഇത്തരത്തിൽ സമൂഹബോധവൽക്കരണം നടത്താൻ കേരളത്തിൽ ആരംഭിച്ച സംഘടനയാണ് എസ്സെൻസ് ക്ലബ്. 
 
സമാന ആശയങ്ങളുടെ പ്രചരണാർത്ഥം സംഘടനയുടെ യുകെ വിഭാഗമായ എസ്സെൻസ് യുകെ സംഘടിപ്പിക്കുന്ന പരിപാടിയാണ് Renaissance 18. ഈ പരിപാടികളുടെ ഭാഗമായി , 2017 -ലെ മികച്ച  ശാസ്ത്രപ്രചാരകനുള്ള അവാർഡ് ജേതാവും , ഈ വർഷത്തെ കേരള സാഹിത്യ വൈജ്ഞാനിക സാഹിത്യ അവാർഡ് ജേതാവുമായ  ശ്രീ സി രവിചന്ദ്രൻ,  2018  മെയ് 14  മുതൽ ഏതാനും ദിവസത്തേക്ക് , വിവിധ വിഷയങ്ങളെപ്പറ്റിയുള്ള സംവാദങ്ങളും പ്രഭാഷണങ്ങളുമായി യുകെ- യിലെത്തുന്നു. 
 
പരിപാടികളുടെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. 
 
ഇന്നലെ ചെയ്ത അബദ്ധങ്ങൾ , ഇന്നിന്റെ ആചാരവും , നാളത്തെ ശാസ്ത്രവും ആയി മാറാതിരിക്കാൻ കാവൽ നിൽക്കേണ്ടതും , ആ സന്ദേശം സമൂഹത്തിൽ ഓരോരുത്തരിലും എത്തിക്കേണ്ടതും നമ്മൾ ഓരോരുത്തരുമാണ്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നമ്മളോരോരുത്തരും എത്തിച്ചേർന്നിരിക്കേണ്ടയിടമാണ്‌  Renaissance 18!
 
May 14 2018 - Monday - From 6.30pm to 9.30pm - EDINBURGH
 
Edinburgh, Vine Conference Centre, 131 Garvock Hall, Dunfermline, KY11 4JU
 
May 16 2018 - Wednesday - From 6pm - OXFORD
 
Northway Ivangelical, Church Hall, 12 Sutton Road, OX3 9RB
 
May 19 2018 - Saturday - From 2pm - MANCHESTER
 
Britannia Country House Hotel, Palatine Road, Manchester M20 2WG
 
May 20 2018 - Sunday - CROYDON
 
Oasis Academy, 50 Homefield Road, Coulsdon, CR5 1ES
 
May 24 2018 - Thursday From 8pm - CARDIFF
 
St Philip Evans Community Hall, Llanedeyrn Dr, Llanedeyrn, Cardiff CF23 9UL
 
May 26 2018 - Saturday - From 4pm - EAST HAM
 
East Ham Trinity Centre, East Ave London E12 6SG
 
May 27 2018 - Sunday - From 5pm - DUBLIN
 
Plaza Hotel, Belgard Square South, Dublin, Ireland D24 X2FC
 
For further details: 07874002934 or 07415500102 or 07702873539