17-Oct-2017

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങി

ലണ്ടൻ Oct 7: ഓരോ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വം ഉണർത്തിയാണ് ഈ വർഷത്തെ  ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഓണം പടിയിറങ്ങിയത്.
 
കേരളത്തിൻറെ തനതു പാരമ്പര്യ ശൈലിയിൽ  ക്രോയിഡോണിൽ നടന്ന ഓണാഘോഷം ബ്രിട്ടനിലെ   മലയാളിയായ  ഡെപ്യൂട്ടി മേയർ ടോം ആദിത്യ നിലവിളക്കിനു തിരിതെളിച്ചു  ഉത്ഘാടനം ചെയ്തു.
 
ഹിന്ദു ഐക്യവേദിയുടെ മുതിർന്ന അംഗങ്ങളും, ശ്രീ അശോക് കുമാറും അദ്ദേഹത്തോടൊപ്പം തിരി  തെളിച്ചു ചടങ്ങിനെ അനുഗ്രഹിച്ചു.  തുടർന്ന് ഒരു മണിക്കൂറോളം ഭജനയും കീർത്തന ആലാപനവുമായി  അന്തരീക്ഷം ഭക്തിസാന്ദ്രമായി. 
 
മാവേലിയെ വരവേറ്റുകൊണ്ടാണ് ഓണാഘോഷങ്ങൾ തുടങ്ങിയത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകൾ ശ്രീകൃഷ്ണ സ്തുതികൾക്കനുസൃദമായി കൃഷ്ണരാധ സങ്കല്പത്തിൽ ചുവടുകൾവെച്ചപ്പോൾ ഒരുനിമിഷം വേദി അമ്പാടിയായി തീർന്നു. 
 
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ  കേരളശൈലിയിലുള്ള തനതായ വേഷ പകർച്ച ഏവരുടെയും മനംകവരുന്നതായിരുന്നു,
 
തുടർന്നു വേദിയിൽ ഗോകുലനിലയ എന്നു തുടങ്ങുന്നകീർത്തനത്തിനു,  ചിലങ്കകൾ  അണിഞ്ഞു ഭരതനാട്യ നൃത്തചുവടുകളുമായി  ശ്രദ്ധ വിവേക് ഉണ്ണിത്താൻ അരങ്ങിലെത്തി അനുവാചകഹൃദയം ഭക്തിയുടെ ആനന്ദത്തിൽഎത്തിച്ചു.
 
തുടർന്ന്   മുന്ന് രീതികളിലും ശൈലിയിലുമുള്ള   തിരുവാതിര നൃത്ത ചുവടുകളുമായി  വനിതകളുടെ സംഘം  അരങ്ങിലെത്തി.  ലാസ്യനടനത്തിന്റെ പദമൂന്നിയ തിരുവാതിരകളി, രൂപത്തിലും  താളത്തിലും പുതുമ  പകരുന്നതായിരുന്നു.
 
നൃത്യഭംഗിക്കു ശേഷം  ഗാനാർച്ചനയുമായി ലണ്ടനിലെ  അനുഗ്രഹീത  കലാകാരനായ  ശ്രീ രാജേഷ് രാമനും,  മകൾ ലക്ഷ്മി രാജേഷും  സംഗീതവുമായി  ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി.  
 
മഹാകവി കുഞ്ചൻ നമ്പ്യാരുടെ സ്മരണകൾ ഉണർത്തി ക്ഷേത്രകലയായ ഓട്ടൻതുള്ളൽ  വേദിയിൽ അരങ്ങേറിയത് ഈ വർഷത്തെ ഓണാഘോഷത്തെ വിശേഷാനുഭവമാക്കി മാറ്റി.
 
പുതുതലമുറക്കു അത്ര പരിചിതമല്ലാത്ത ഓട്ടൻതുള്ളൽ എന്ന കേരളീയ നൃത്യ-നാട്യകലാരൂപം നൃത്യഉപാസകനായ  ഡോക്ടർ  അജിത് കർത്ത,  നർമ്മവും ചിന്തകളുമായി  കല്യാണ  സൗഗന്ധികം എന്ന മഹാഭാരത കഥ  വേദിയിലെത്തിച്ചു. 
 
ഇത്തരം കലാരൂപങ്ങൾ  ഇന്നു നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം  പങ്കുവെച്ചു. തുടർന്ന് അദ്ദേഹത്തെ  വെസ്റ്റ് ഇംഗ്ലൺടിലെ പോലീസ് ബോർഡിൻറെ വൈസ് ചെയര്മാന് കൂടിയായ  കൗൺസിലർ ടോം ആദിത്യ   പൊന്നാട അണിയിച്ചു വേദിയിൽ അനുമോദിച്ചു,
 
ലണ്ടനിലെ  ഇന്ത്യൻ ഹൈകമ്മീഷൻ  കോ-ഓർഡിനേഷൻ മിനിസ്റ്റർ എ എസ് രാജൻ  ചടങ്ങിൽ മുഖ്യഅതിഥിയായിരുന്നു.  തമിഴ്‌നാട്ടിൽ ജനിക്കുകയും വളരുകയും ചെയ്‌തെങ്കിലും  തനിക്കു കേരളവുമായി ഉള്ള അടുപ്പം അദ്ദേഹം തുറന്നു പറഞ്ഞു.
 
മലയാളികളുടെ സ്നേഹത്തോടു കൂടിയ അടുപ്പവും, കേരളീയ  ഭക്ഷണത്തിന്റെ രുചിയും അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു. 
 
മനുഷ്യ നിർമ്മിത വേലികെട്ടുകൾക്കപ്പുറം  സാഹോദര്യത്തിന്റെ പൊൻപ്രകാശമായി   ചടങ്ങിൽ  ബ്രിസ്റ്റോളിൽ നിന്നും  എത്തിയ ഡെപ്യൂട്ടി മേയർ ടോം ആദിത്യയെയും, ക്രോയ്ടോൻ മുൻ മേയർ കൗൺസിലർ മഞ്ജു ശാഹുൽ ഹമീദിനെയും  മിനിസ്റ്റർ രാജൻ ശ്ശാഘിച്ചു. 
 
ജാതി-മത ചിന്തകൾക്ക് അതീതമായി സാഹോദര്യത്തിന്റെയും, പങ്കുവയ്ക്കലിന്റെയും സ്നേഹവലയത്തിൽ എല്ലാവരും ഒന്നിച്ചു അണിനിരക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
 
എല്ലാവര്ക്കും അദ്ദേഹം നന്മകൾ നേർന്നു.      അദ്ദേഹത്തോടൊപ്പം  പത്നി ശശിരേഖയും ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്ത്‌  ഓണആഘോഷ പരിപാടികൾക്ക് ചാരുതയേകി.
 
ഓണസംഗമത്തിൽ കൗൺസിലർ ടോം ആദിത്യയുടെ ഓണസന്ദേശവും ചേതോഹരമായി. ഓണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് ചിന്തോദ്ദീപകമായ നിർവചങ്ങൾ അദ്ദേഹം നൽകി.
 
പിറകോട്ടുപോയി അത്രയും വേഗത്തിൽ മുന്നോട്ടായുന്നതാണ് ഊഞ്ഞാൽ. നമ്മുക്കു പൈതൃകത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന സന്ദേശമാണ് പിന്നോട്ട് ഉള്ള യാത്ര.
 
മുന്നോട്ടുള്ള ഗമനത്തിനാകട്ടെ പ്രതീക്ഷയിലേക്കുള്ള യാത്രയും. രണ്ടും ചേരുമ്പോഴാണ് ജീവിതം ആസ്വാദ്യമാകുന്നത്. അതു പോലെ   വള്ളംകളിക്ക്സംഘബോധത്തിൻറെ തലമുണ്ട്. വിഭവങ്ങളാൽ സമൃദ്ധമായ  ഓണസദ്യ, നാനത്വത്തിൽ ഏകത്വത്തിന്റെ സന്ദേശമാണ് നൽകുന്നത് എന്നും  കൗൺസിലർ ടോം ആദിത്യ പറഞ്ഞു.
 
ഓണം കേരളത്തിന്റെ ദേശിയ ഉത്സവം മാത്രമല്ല,  കേരളീയരുടെ സംസ്കാരത്തിന്റെയും,  പൈതൃകത്തിന്റെയും, ആത്മാഭിമാനത്തിന്റെയും ആഘോഷമാണെന്നു    സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.   
 
പ്രജാക്ഷേമത്തിന്റെയും, സ്നേഹത്തിന്റെയും, സമത്വത്തിന്റെയും, വിട്ടുകൊടുക്കലിന്റെയും ഉണർത്തുപാട്ടാണ്‌  ഓണം എന്ന് ഡെപ്യൂട്ടി മേയർ ടോം ആദിത്യ കൂട്ടിച്ചേർത്തു.
 
ക്രോയ്ഡോൺ  മുൻ മേയർ കൗൺസിലർ   ശ്രീമതി  മഞ്ജു ഷാഹുൽ ഹമീദ് ഓണാശംസകൾ നേർന്നു  കൊണ്ട് സംസാരിച്ചു.  ലണ്ടൻ ഹിന്ദു ഐക്യ വേദിയുടെ  ഓരോ പ്രവർത്തനത്തിനും പൂർണപിന്തുണ അറിയിക്കുകയും ചെയ്തു.   
 
ഇന്ത്യൻ ഹൈകമ്മീഷൻ  മിനിസ്റ്റർ എ എസ് രാജൻ അവർകളെ ഹിന്ദു ഐക്യവേദിക്കു   വേണ്ടി പൊന്നാട അണിയിച്ചു കൗൺസിലർ   മഞ്ജു  ചടങ്ങിൽ ആദരിച്ചു.
 
സത്യം ശിവം സുന്ദരം എന്ന ഭജൻവേദിയിൽ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി ശ്രീമതി രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ അതിന്റെ പൂർണതയിലെത്തിച്ചു.
 
കണ്ണൻ രാമചന്ദ്രനും, ഡയാന അനിൽകുമാറും  പരിപാടികൾക്ക്  അവതാരകരായി നേതൃത്വം നൽകി.   കലാപരിപാടികൾക്ക് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും  കുട്ടിയുടെചോറുണ്ണും,  കർമ്മങ്ങളും നടന്നു .
 
ലണ്ടൻ ഹിന്ദുഐക്യവേദിയുടെ അംഗങ്ങൾ ചേർന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും മനസ്സിൽ  നമ്മുടെ നാടിൻറെ തനതായ രുചി പകർന്ന് നൽകി.
 
ഹിന്ദു ഐക്യവേദിയുടെ ചെയര്മാന് ടി ഹരിദാസിന്റെ ക്ഷണപ്രകാരം ലണ്ടനിലെ  ഇന്ത്യൻ ഹൈ കമ്മീഷനിലെ ഫസ്റ്റ്  സെക്രട്ടറി  (കോൺസുലാർ)  ശ്രി  രാമസ്വാമി  ബാലാജി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും, സമൂഹത്തിന്റെ വിവിധ തലത്തിൽ പ്രവൃത്തിക്കുന്ന നിരവധി പ്രമുഖരും   ഓണാഘോഷത്തിൽ പങ്കെടുത്തു. 
 
ഹിന്ദു ഐക്യവേദിയുടെ മുഴുവൻ അംഗങ്ങളുടെയും സഹകരണവും ആത്മാർത്ഥമായ പ്രവർത്തനങ്ങളും ഓണാഘോഷത്തിന് മിഴിവേകി. 
 
ലണ്ടൻ ഹിന്ദുഐക്യവേദിയുടെ അടുത്തമാസത്തെ സത്സംഗം ദീപാവലിയായിട്ടാണ് ആഘോഷിക്കുന്നത് . 
 
Venue Details:
 
West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU 

To view pictures of the programme, please click: https://photos.app.goo.gl/Yn4iUQtiVG2DRvaD2