18-Aug-2017

യൂറോപ്പിലെ പ്രഥമ കേരള വള്ളംകളി ഇന്ന്

സജീഷ് ടോം (യുക്മ പി ആർ ഒ)

LONDON July 29: യുക്മയുടെ നേതൃത്വത്തിൽ കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
 
തുഴ കുത്തിയെറിയുന്ന ജലമാരിയിൽ സൂര്യൻ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ റഗ്ബി നിവാസികൾ ഇന്ന് കൺചിമ്മി ഉണരുക.
 
മത്സര വള്ളങ്ങളുടെ പരിശീലന തുഴച്ചിൽ രാവിലെ ഏഴ് മണിമുതൽ ആരംഭിക്കും.
 
കേരളത്തിലെ ചുണ്ടൻ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് പുകൾപെറ്റ കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഇരുപത്തിരണ്ട് മത്സരവള്ളങ്ങളാണ് ഏറ്റുമുട്ടുന്നത്.
 
കേരളാ ലളിതകലാ അക്കാദമി അവാർഡ് ജേതാവും കേരളത്തിലെ അറിയപ്പെടുന്ന ശില്പിയുമായ അജയൻ വി കാട്ടുങ്ങൽ രൂപകൽപ്പനയും നിർമ്മാണവും നിർവഹിച്ച യുക്മ എവർറോളിങ്ങ് ട്രോഫിയിൽ ആര് മുത്തമിടുമെന്ന ആകാംക്ഷക്ക്‌ ഇന്ന് വൈകുന്നേരത്തോടെ വിരാമം ആകും.
 
വാശിയേറിയ മത്സരങ്ങൾ എന്നതിനപ്പുറം, കേരളീയ പാരമ്പര്യത്തിന്റെ തനിമയും ആവേശവും ഉയർത്തിപ്പിടിക്കുന്ന പ്രഥമ യുക്മ ബോട്ട്റേസ് ലോക പ്രവാസി സമൂഹത്തിന് വലിയൊരു സാധ്യത തുറന്ന് കാട്ടുകയാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വക്കറ്റ് എബി സെബാസ്റ്റ്യൻ പറഞ്ഞു.
 
ആറ് ഹീറ്റ്‌സുകളിലായി നടക്കുന്ന പ്രഥമ റൗണ്ടിൽ യുണൈറ്റഡ് ബോട്ട് ക്ലബ് ആന്ഡോവർ തുഴയുന്ന വെള്ളംകുളങ്ങര, ടൈഗേഴ്‌സ് ബോട്ട് ക്ലബ് ഓക്സ്ഫോർഡ് തുഴയുന്ന തിരുവാർപ്പ്, ഇപ്സ്വിച് ബോട്ട് ക്ളബ് തുഴയുന്ന കുമരങ്കരി, ഷെഫീൽഡ് ബോട്ട് ക്ളബ് തുഴയുന്ന നടുഭാഗം എന്നീ വള്ളങ്ങൾ ഒന്നാം ഹീറ്റ്സിൽ ഏറ്റുമുട്ടും.
 
രണ്ടാം ഹീറ്റ്‌സിൽ കെറ്ററിംഗ്‌ ബോട്ട് ക്ലബ് നോർത്താംപ്ടൺഷെയർ തുഴയുന്ന നെടുമുടി, കാർഡിഫ് കാമിയോസ് ബോട്ട് ക്ലബ് തുഴയുന്ന കാവാലം, സ്റ്റോക്ക് ഓൺ-ട്രെന്റ് ബോട്ട് ക്ലബ്ബിന്റെ ആലപ്പാട്ട്,റാന്നി ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് എന്നീ വള്ളങ്ങൾ മത്സരിക്കുന്നു.
 
ഇടുക്കി ബോട്ട് ക്ലബുകാർ എത്തുന്ന കുമരകം, ബാസിൽഡൺ ബോട്ട് ക്ലബ്ബിന്റെ മമ്പുഴക്കരി, ഹേവാർഡ്‌സ് ഹീത്ത് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ്, മൈത്രി ബോട്ട് ക്ലബ് ഗ്ലാസ് ക്കോയുടെ പുളിങ്കുന്ന് വള്ളങ്ങൾ മൂന്നാം ഹീറ്റ്‌സിൽ ഏറ്റുമുട്ടുന്നു.
 
നാലാം ഹീറ്റ്‌സിൽ കവൻട്രി ബോട്ട് ക്ലബ് തുഴയുന്ന രാമങ്കരി, വൂസ്റ്റർ തെമ്മാടി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ, ഡാർട്ട്ഫോർഡ് ബോട്ട് ക്ലബ് തുഴയുന്ന കൈപ്പുഴ, ലണ്ടൻ പ്രിയദർശിനി ബോട്ട് ക്ലബ് തുഴയുന്ന മങ്കൊമ്പ് എന്നീ വള്ളങ്ങൾ മത്സരിക്കുന്നു.
 
ലെസ്റ്റർ ലയൺസ് ബോട്ട് ക്ലബിന്റെ കരുവാറ്റ, ഗ്ലോസ്റ്റർ ജി എം എ & പിറവം ക്ലബ്ബിന്റെ കൈനകരി,ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിന്റെ തായങ്കരി എന്നീ വള്ളങ്ങൾ ഹീറ്റ്‌സ്‌ അഞ്ചിൽ മത്സരിക്കുമ്പോൾ; യുണൈറ്റഡ് ക്ലബ് തുഴയുന്ന എടത്വാ,  യോർക്ക് ഷെയർ ബോട്ട് ക്ലബ് വെയ്ക്ക്ഫീൽഡ് എത്തുന്ന ചമ്പക്കുളം, റിഥം ബോട്ട് ക്ലബ് ഹോർഷം തുഴയുന്ന ചെറുതന എന്നീ വള്ളങ്ങൾ ആറാം ഹീറ്റ്‌സിൽ ഏറ്റുമുട്ടുന്നു.
 
വിസ്മയങ്ങളുടെ പൂരക്കാഴ്ച ഒരുക്കിയാണ് യുക്മ യു കെ മലയാളികളെ ഡ്രേക്കോട്ട് വാട്ടർ പാർക്കിലേക്ക്  വരവേൽക്കുന്നത്. യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെയും ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെയും നേതൃത്വത്തിൽ യുക്മയുടെയും, യുക്മ പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും;
 
ഒപ്പം യു കെ യിലെ സാമൂഹ്യ- സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യങ്ങളായ വ്യക്തികളും ചേർന്ന് മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പുകളുടെയും കഠിനാധ്വാനത്തിന്റെയും  സാക്ഷാത്കാരമാണ് ഇന്ന് റഗ്ബിയിൽ  അരങ്ങേറുന്നത്. 
 
രാവിലെ 10:30ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ടാതിഥികളെ മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും, യു കെ യിലെ പ്രമുഖ ചെണ്ടമേള വിദഗ്ദ്ധൻ രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.
 
ലക്ഷണമൊത്ത കൊമ്പനാനയുടെ യഥാർത്ഥ വലിപ്പമുള്ള, ഇലക്ട്രോണിക് ആന നീലഗിരി കണ്ണൻ മേളയുടെ മറ്റൊരു ആകർഷണം ആയിരിക്കും.
  
വള്ളംകളി മത്സരങ്ങളുടെ ഇടവേളകളിൽ കേരളീയ- ഭാരതീയ കലാരൂപങ്ങളും സംഗീത- നൃത്ത ശില്പങ്ങളും കാണികളിൽ മേളക്കൊഴുപ്പ് പകരും.
 
650 ഏക്കർ വിസ്തൃതിയിൽ വിശാലമായ ഡ്രേക്കോട്ട് വാട്ടർ പാർക്കിൽ 2000 ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
തികച്ചും സൗജന്യമായാണ് ഈ ജലമേളയിലേക്ക്  പ്രവേശനം എന്നത് വളരെ എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്. 
 
മത്സരങ്ങളുടെ ആവേശം ആകാശംമുട്ടെ ഉയർത്തുന്ന റണ്ണിങ് കമൻട്രികളും, കളിയുടെ ഓരോ നിമിഷവും നഷ്ടപ്പെടാതിരിക്കുവാൻവേണ്ടി ഒരുക്കിയിരിക്കുന്ന ഭീമൻ ടെലിവിഷനിലൂടെയുള്ള തത്സമയ സംപ്രേക്ഷണവും ഒക്കെയായി കാണികൾക്ക് മനംനിറക്കുന്ന ഒരുദിവസം സമ്മാനിക്കുവാൻ സംഘാടക സമിതി തയ്യാറായിക്കഴിഞ്ഞു.
 
പ്രഭാതം മുതൽ വൈകുന്നേരം വരെ കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ അഭിരുകൾക്കനുസരിച്ചു മിതമായ നിരക്കിൽ  തെരഞ്ഞെടുക്കാൻ പറ്റുംവിധം വിവിധങ്ങളായ ഭക്ഷണ വിഭവങ്ങൾ ഒരുക്കിക്കൊണ്ട് പരിചയ സമ്പന്നരായ നീലഗിരി റസ്റ്റോറന്റ്  സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
 
മലയാളികളുടെ ഈ പകൽപ്പൂരം കണ്ടാസ്വദിക്കുവാൻ നിരവധി തദ്ദേശീയവാസികളും ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
 
പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ, മലയാളി നെഞ്ചിലേറ്റിയ നമ്മുടെ മഹത്തായ ജലമേളയുടെ പുനരവതരണം എന്നതിനൊപ്പം, സാംസ്ക്കാരിക കേരളത്തിന്റെ വിദേശ മണ്ണിലെ ഒത്തുചേരൽ കൂടിയാണിത്.
 
മേയർമാർ, ഡിസ്ട്രിക്ട് കൗൺസിൽ- ബറോകൗൺസിൽ ചെയര്മാന്മാർ, അംഗങ്ങൾ, ഇന്ത്യൻ ഹൈകമ്മീഷൻ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി അനവധി നിരവധി വിശിഷ്ട വ്യക്തികൾ നമ്മളെ സന്ദർശിക്കാനും ജലമേള ആസ്വദിക്കുവാനും ഇന്ന് റഗ്ബിയിലെത്തും.
 
ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളിൽ നിങ്ങളും ഉണ്ടാകണം. ഇത് സ്‌നേഹപൂർവമായ ഒരു ഓർമ്മപ്പെടുത്തലാണ്. നിറഞ്ഞ മനസോടെ മാത്രമായിരിക്കും നിങ്ങൾ മടങ്ങുന്നത്.
 
ഇതൊരു ഉറപ്പാണ്........ യുക്മ യു കെ മലയാളികൾക്ക് നൽകുന്ന ഉറപ്പ്.
 
ഏവരെയും ഡ്രേക്കോട്ട് വാട്ടർ പാർക്കിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 
Venue address:- Draycote Water, Rugby, Warwickshire - CV23 8AB