26-Jul-2017

ഡ്യൂക്ക് ഓഫ് എഡിന്‍ബറോ പുരസ്കാരം നേടി മലയാളി പൈലറ്റ് വിദ്യാര്‍ഥിനി

By രാജു വേലംകാല

എഡിന്‍ബറോ July 9: ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ഗോള്‍ഡ് പുരസ്കാരം നേടി സ്‌കോട്ട് ലന്‍ഡിലെ അബര്‍ഡീനിലുള്ള മലയാളി പൈലറ്റ് വിദ്യാര്‍ഥിനി അഭിമാന നേട്ടം കൈവരിച്ചു. ദൈവം കൂടെയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ല എന്ന വിശ്വാസത്തോടെ ഡോഫീ ഗോള്‍ഡ് പുരസ്കാരം നേടി സിയാ തോമസ് എന്ന പൈലറ്റ് വിദ്യാര്‍ഥിനിയാണ് മലയാളി സമൂഹത്തിനു അഭിമാനമായത്. 
 
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഉള്ള മികവ് പരിഗണിച്ചാണ് പുരസ്കാരം. ഇതിനു മുമ്പും സിയാ തോമസ് മികവിന് വെള്ളി, വെങ്കല മെഡലുകള്‍ നേടിയിട്ടുണ്ട്. ഇക്കുറി സിയ തോമസിനു മാത്രമായിരുന്നു അബര്‍ഡീന്‍ മലയാളി സമൂഹത്തില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ ലഭിച്ചത്. 
 
ഫിലിപ്പ് രാജകുമാരന്‍ വിരമിക്കുന്നതിനു മുമ്പ് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യവും സിയയ്ക്കു ലഭിച്ചു. ഫിലിപ്പ് രാജകുമാരന്‍ 1956 ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഇന്ന് യുവാക്കള്‍ക്ക് നല്‍കുന്ന ഏറ്റവും പ്രധാന പുരസ്കാരമായാണ് ഡോഫീ അവാര്‍ഡ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ പുരസ്കാരം ലഭിച്ചതിന്റെ അഭിമാനവും സന്തോഷവും സിയ പങ്കുവയ്ക്കുകയാണ്. 
 
പത്തനംതിട്ട മാത്തൂര്‍ കേശമത്ത് കുടുംബാംഗമായ തോമസ് ചെറിയാന്റെയും ഡെയ്‌സി തോമസിന്റെയും മകളാണ് സിയ. അബര്‍ഡീന്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയായ സെന്‍ തോമസ് ആണ് സഹോദരന്‍ .