28-Jul-2017

മലയാളി കുടിയേറ്റക്കാര്‍ക്ക് അഭിമാനമായി ഫിലിപ്പ് എബ്രഹാം ലൂട്ടണ്‍ മേയര്‍ സ്ഥാനത്ത്

ലണ്ടന്‍ May 18 : യുകെയിലെ മലയാളികള്‍ക്ക് അഭിമാനമായി ലൂട്ടണ്‍ ടൗണ്‍ മേയറായി പത്തനംതിട്ട വയലത്തല സ്വദേശി പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം ചുമതലയേല്‍ക്കും.
 
ലൂട്ടണ്‍ പട്ടണത്തിലെ 22 അംഗ കൗണ്‍സില്‍ അദ്ദേഹത്തെ മേയറായി തെരഞ്ഞെടുക്കും. അഞ്ചുവര്‍ഷമായി കൗണ്‍സില്‍ അംഗമായ അദ്ദേഹം ഒരുവര്‍ഷമായി ഡെപ്യൂട്ടി മേയറാണ്.
 
ലൂട്ടണ്‍ കൗണ്‍സിലില്‍ എത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് ഫിലിപ്പ് എബ്രഹാം
 
1972ല്‍ ലണ്ടനില്‍ എഞ്ചിനീയറിങ് ഉപരിപഠനത്തിന് എത്തിയ ഫിലിപ്പ് എബ്രഹാം ഇപ്പോള്‍ ലണ്ടനിലെ മലയാള മാധ്യമ രംഗത്തും പൊതുപ്രവര്‍ത്തനത്തിലും സജീവമാണ്.
 
ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള ലിങ്ക്‌സ് എന്ന പത്രം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
 
22 അംഗ കൗണ്‍സിലില്‍ ലൂട്ടണ്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധിയായാണ് ഇദ്ദേഹമെത്തിയത്. നിലവില്‍ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഫിലിപ്പ് ഏബ്രഹാം എത്തുന്നത്.
 
വയലത്തല കുഴിയംമണ്ണില്‍ പള്ളിക്കല്‍ പരേതരായ പി.പി. ഏബ്രഹാമിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനും മുന്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ പള്ളിക്കലിന്റെ സഹോദരനുമാണ് ഫിലിപ്പ് ഏബ്രഹാം.