19-Sep-2017

ലണ്ടനിൽ മരിച്ച ശിവപ്രസാദിന്റെ മൃദദേഹം നാട്ടിൽ എത്തിക്കാൻ യുകെ മലയാളി സമൂഹം ഒന്നിക്കുന്നു

സ്വന്തം ലേഖകൻ    

ലണ്ടൻ Jan 12:  ഇന്നേക്ക് 19 നാൾ കൂടി കഴിഞ്ഞാൽ നാലുവയസുകാരൻ ചന്ദ്രമൗലിയുടെ പിറന്നാളാണ് . അച്ഛൻ ലണ്ടനിൽ ആണെങ്കിലും ആ സ്നേഹം അനുഭവിക്കാൻ യോഗമില്ലാതെ ചന്ദ്രമൗലിയും ചേച്ചിയും അമ്മയും തിരുവനന്തപുരത്തെ വാടക വീട്ടിൽ ഏറെ നാളായി അദ്ദേഹത്തെ കാത്തിരിക്കുകയാണ് .
 
കാരണം രണ്ടു മാസമായി നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തു അടുത്ത ചൊവാഴ്ച നാട്ടിൽ എത്തുമെന്ന ഉറപ്പിലാണ് ഇപ്പോഴും ചന്ദ്രമൗലിയും ആറാം ക്‌ളാസുകാരി പീയുഷയും കാത്തിരിക്കുന്നത് . അച്ഛൻ വരുമ്പോൾ പിറന്നാൾ ആഘോഷം ഗംഭീരം ആയിരിക്കും എന്നൊക്കെ ചന്ദ്രമൗലി കൂട്ടുകാരോടും പറഞ്ഞു കഴിഞ്ഞു .
 
പക്ഷെ തന്റെ അച്ഛൻ ഇനി ഒരിക്കലും സമ്മാനവും ആയി വരില്ലെന്ന് ഇപ്പോൾ അവനോടു പറഞ്ഞു മനസ്സിലാക്കാൻ ആർക്കും കഴിയുന്നില്ല .
 
ലണ്ടനിൽ നിയമ നടപടികളിൽ കുരുങ്ങി മൃതദേഹം ഒരാഴ്ചയായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുക ആണെങ്കിലും തടസ്സങ്ങൾ മാറി  അച്ഛനെ കാത്തിരിക്കുന്ന ഈ കുരുന്നു തന്നെ വേണ്ടി വരും അന്ത്യകർമ്മങ്ങൾക്കായി കൈവിരലുകളിൽ ദർഭ പുൽ മോതിരം അണിയേണ്ടതെന്ന വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ തളരുകയാണ് ശിവപ്രസാദിന്റെ പത്നി ശാലു. 
 
അതിനിടെ ഇക്കഴിഞ്ഞ ഡിസംബർ 19 നു ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ലാത്ത ശിവയുടെ മൃതദേഹം കഴിഞ്ഞ ആഴ്ച അനാഥമായ നിലയിൽ പോലീസ് കണ്ടെത്തിയെങ്കിലും ഇതുവരെ നാട്ടിലേക്കു അയക്കുന്ന കാര്യത്തിൽ വെക്തമായ രൂപരേഖ ആയിട്ടില്ലെന്നാണ് ലഭ്യമായ വിവരം 
 
ബ്രിട്ടനിൽ ബന്ധുക്കളോ മറ്റോ ഇല്ലാതെ പോയ ശിവയുടെ മൃദദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി എംബസിയെ ഏൽപ്പിച്ചിട്ടു ഒരാഴ്ച പിന്നിടുമ്പോഴും എന്താണ് മൃദദേഹം നാട്ടിൽ എത്താൻ വൈകുന്നതെന്ന ചോദ്യത്തിനും വെക്തമായ ഉത്തരമില്ല .
 
മൃദദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ പണത്തിനു തടസം ഇല്ലെന്നു എംബസി വക്താക്കൾ പറയുന്നുണ്ടെങ്കിലും വെറും രേഖകൾ കിട്ടാൻ ഉള്ള കാലതാമസമാണ് തടസ്സം എങ്കിൽ നോർക്കയും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ്‌ പുലർത്തിയത് എന്ന് വക്തമാകുകയാണ് .
 
മുൻപ് സ്റ്റുഡന്റ് വിസയിൽ എത്തിയവർ മരിച്ചപ്പോൾ പോലും മലയാളി സമൂഹം മൃദദേഹം ഏറ്റെടുത്തു ദിവസങ്ങൾക്കകം നാട്ടിൽ എത്തിച്ച അനുഭവം മുന്നിൽ ഉള്ളപ്പോഴാണ് പത്തു വർഷമായി ലണ്ടനിൽ സ്ഥിര താമസമായ ശിവയുടെ മൃദദേഹം നാട്ടിൽ എത്തിക്കാൻ തടസം നേരിടുന്നത് .
 
എംബസി ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യമാണ് ഈ ദുരവസ്ഥ ഉണ്ടാകാൻ കാരണമെന്നു ബോധ്യപ്പെടുമ്പോൾ യുകെ യിലെ മലയാളി സംഘടനാ നെത്ര്വതവും മാപ്പില്ലാത്ത വിധം കുറ്റപ്പെടുത്തൽ അർഹിക്കുന്നു . 
 
മരണത്തെ കുറിച്ച് ആദ്യ സൂചന ലഭിച്ചപ്പോൾ തന്നെ മലയാളി സമൂഹത്തിന്റെ പ്രതിനിധികൾ പോലീസുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ മൃദദേഹം ഇപ്പോൾ ഫ്യൂണറൽ ഡിറക്ടര്സിനു ഏറ്റെടുത്തു ഈ ദിവസങ്ങളിൽ തന്നെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് വെക്തമായ രൂപരേഖ ലഭിക്കുമായിരുന്നു .
 
എന്നാൽ പണച്ചിലവ് ആര് വഹിക്കും എന്ന തർക്കത്തിന് മുന്നിൽ മൃദദേഹം ഏറ്റെടുക്കാൻ ആളില്ലാതെ പോയ സാഹചര്യത്തിലാണ് എംബസിക്കു മുന്നിൽ ശിവയുടെ കാര്യം എത്തുന്നതും ഇപ്പോൾ നിയമ നടപടികളിൽ കുരുങ്ങി നാട്ടിൽ എന്നെത്തും എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോകുന്നതും .
 
ഈ സാഹചര്യത്തിൽ യുകെ മലയാളികളിൽ പലരും ഇടപെടാൻ തയ്യാറായതോടെ ഇന്നലെ മുതൽ നോർക്കയിൽ നിന്നും ഈ ആവശ്യം സംബന്ധിച്ച് എംബസിയിൽ നിർദേശം എത്തിയതായി സൂചനയുണ്ട് .
 
ഇതോടെ പണം ആവശ്യമാണെങ്കിൽ അതിനു വേണ്ടി രംഗത്തിറങ്ങാനും യുകെ മലയാളി സമൂഹത്തിൽ ഒട്ടേറെ പേർ തയ്യാറായി രംഗത്തുണ്ട് . എന്നാൽ മുൻ കാലങ്ങളിൽ ഇത്തരം ആവശ്യത്തിന് മുന്നിൽ നിന്നവരും യുകെ മലയാളികളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളുടെയും മൗനം ദുരൂഹമാണ് .
 
ശിവപ്രസാദ് അനാഥനായി മരിച്ചു എന്ന സാഹചര്യമാണ് സംഘടനകളെ പിന്നോക്കം വലിക്കുന്നതെന്നു സൂചനയുണ്ട് . 
 
ഈ സാഹചര്യത്തിൽ ലണ്ടൻ മലയാളി എന്ന വിശേഷണം പോലും ബാധ്യതയായി മാറിയ ശിവപ്രസാദിന് വേണ്ടി , അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ഉദാരമതികളുടെ കരുണ തേടുകയാണ് . ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോകുന്നവർക്ക് മുന്നിൽ ലോക നന്മ ഒരിക്കലും ഇല്ലാതാകുന്നില്ല എന്ന് തെളിയിക്കാൻ ഉള്ള അവസരം കൂടിയാണ് .
 
ശിവയുടെ മൃദദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമം ഊർജ്ജിതമായി ഏറ്റെടുത്തിരിക്കുന്നത്   ബൈജു സലിം ( ഓക്സ്ഫോർഡ്), മനോജ് പിള്ള ( ഡോർസെറ്റ് ) , സുഗതൻ തെക്കേപ്പുര ( ഈസ്റ്റ് ഹാം) രാജേഷ് (ന്യുകാസിൽ ) തുടങ്ങിയ പൊതു പ്രവർത്തകരാണ് .
 
ഇതോടൊപ്പം ശിവയുടെ പത്നിക്കും കുട്ടികൾക്കും കൈത്താങ്ങാകാൻ ഉള്ള ശ്രമങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ് അടക്കമുള്ള സന്നദ്ധ സംഘടനകളും ആരംഭിച്ചിട്ടുണ്ട് . ഈ ശ്രമത്തിൽ പങ്കാളി ആകാൻ ഓരോ യുകെ മലയാളിയും തയ്യാറാകണമെന്ന് ഇടുക്കി ചാരിറ്റിക്ക് വേണ്ടി ടോം ജോസ് അറിയിച്ചു .
 
ശിവയുടെ പത്നിക്ക് നേരിട്ട് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി അവരുടെ അക്കൗണ്ട് നമ്പറും പ്രസിദ്ധീകരിക്കുന്നു . 
 
Salu K, Ac No - 67166382119, SBT Vattiyoorkavu  , IFSC Code SBTR 00433

ACCOUNT NAME , IDUKKI GROUP 
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS