16-Jan-2017

മകര സംക്രമ സന്ധ്യക്ക്‌ അയ്യപ്പ ഭജനയുമായി കവൻട്രി ഹിന്ദു സമാജം

സ്വന്തം ലേഖകൻ 
 
കവൻട്രി Jan 9 :  ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കപ്പെടുന്ന മകര സംക്രമ മുഹൂർത്തത്തിന് ഭൗമ മണ്ഡലം തയ്യാറെടുക്കവേ കവൻട്രി ഹിന്ദു സമാജവും ഈശ്വര സാന്നിധ്യം നിറയുന്ന അവസരത്തിൽ പ്രത്യേക പൂജയും ഭജനയും സംഘടിപ്പിക്കുന്നു .
 
ശനീശ്വര പൂജയിലൂടെ മകര സംക്രമ ചൈതന്യം മനസ്സിലും ശരീരത്തിലും ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മകരസംക്രമ പൂജകൾ ഹൈന്ദവ വിശ്വാസത്തിൽ പ്രധാനമാകുന്നത് .
 
ഭാരതമൊട്ടാകെ മകര സംക്രമ പൂജകൾ നടക്കുമ്പോഴും ശബരിമലയിലെ ജ്യോതി പുണ്യം ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു എന്ന പ്രത്യേകതയും കൂടി പരിഗണിച്ചാണ് 14 ശനിയാഴ്ച നടക്കുന്ന മകര സംക്രമ ദിനത്തിന് മുന്നോടിയായി ഞായറാഴ്ച കവൻട്രി ഹിന്ദു സമാജം പ്രത്യേക പൂജയും ഭജനയും നടത്തുന്നത് .
 
സൂര്യ മണ്ഡലത്തിലെ പ്രധാന നക്ഷത്രമായ മകരത്തിന്റെ പ്രഭാവലയം പ്രത്യക്ഷമാകുന്ന ദിവസം കൂടി ആയതിനാൽ ഭൗമശാസ്ത്രപരമായും സംക്രമ ദിനം ഏറെ പ്രത്യേകതകൾ അർഹിക്കുന്നു .
 
ഇത്തവണ ശനി ദേവൻ കൂടിയായ അയ്യപ്പ സ്വാമിയുടെ ഇഷ്ട്ട ദിനമായ ശനിയാഴ്ച തന്നെ മകര സംക്രമ ദിനം എത്തിയിരിക്കുന്നതിനാൽ ശാക്തേയ പൂജയുടെ പ്രാധാന്യം വർധിക്കുകയാണ് . 
 
ശൈത്യകാലം പിന്നിട്ടു ഭൂമി വസന്തത്തെ സ്വീകരിക്കുവാൻ തയ്യാറെടുക്കുന്ന മാസം കൂടിയായ മകരത്തിന്റെ പിറവി കൂടിയാണ് മകര സംക്രമ ദിനം . ഇക്കാരണത്താൽ തന്നെ പുതു പിറവിയായും മകര സംക്രമ ദിനം കരുതപ്പെടുന്നു .
 
മനസും ശരീരരവും ഒരു പുതുകാലത്തെ വരവേൽക്കാൻ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് വൃതമെടുത്തുള്ള മകര സംക്രമ ആഘോഷം . ഓരോ മാസവും നടത്തുന്ന ഭജനയുടെയും ഒത്തുകൂടലിന്റെയും ഭാഗമായാണ് മകര സംക്രമ വേളയിൽ കവൻട്രി ഹിന്ദു സമാജം പ്രത്യേക ചടങ്ങുകൾ തയ്യാറാക്കിയിരിക്കുന്നത് .
 
കുട്ടികൾക്ക് വേണ്ടിയുള്ള ചിത്ര രചന മത്സരവും പതിവ് പോലെ പ്ലാൻ ചെയ്തിട്ടുണ്ട് . മകര സംക്രമത്തിന്റെ പ്രാധാന്യം കൂടി ഉൾക്കൊള്ളിച്ചുള്ള ക്വിസ് മത്സരത്തിൽ മുതിർന്നവരും കുട്ടികളും പങ്കെടുക്കും .
 
ഹൈന്ദവ പുരാണങ്ങളിലെ കഥാസാഗരം തേടിയുള്ള യാത്രയിൽ ഇത്തവണ മുതിർന്നവർക്കായി ഹരീഷ് പാലായും കുട്ടികൾക്കായി അമൃത അജിയും കഥാ സദസ്സിൽ പങ്കെടുക്കും .  
 
മതപരമായ കൂട്ടായ്മ എന്നതിനേക്കാൾ ഉപരി ഹൈന്ദവ പാരമ്പര്യത്തെ അടുത്തറിഞ്ഞു അറിവിന്റെ ലോകത്തു കൂടുതൽ വിശാലമായ ചിന്താഗതി വളർത്തിയെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയാണ് കവൻട്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നത് .
 
 കുട്ടികളെ കൊണ്ട് തന്നെ ചെറു കഥകളും ചിത്ര രചനയും നടത്തുന്നത് ഈ ലക്‌ഷ്യം മുൻ നിർത്തിയാണ് . മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നുണ്ട് .
 
 ഏകദേശം 50 ഓളം അംഗങ്ങളാണ് പതിവായി സത്‌സംഗത്തിൽ പങ്കെടുക്കുന്നതു . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടൻ , കൊൽവിലെ, ലെസ്റ്റർ  തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവർത്തനങ്ങൾക്ക് രൂപം നല്കിയിരിക്കുന്നത് .
 
കുടുംബങ്ങളിൽ ആഘോഷ വേളകൾ കൂടി സമാജം പ്രവർത്തനത്തിൽ ഉള്പ്പെടുത്തി അംഗങ്ങളിൽ കൂടുതൽ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകർ ശ്രദ്ധിക്കുന്നു . 
 
കൂടുതൽ വിവരങ്ങൾക്ക് :  covhindu@gmail.com