26-Sep-2017

പുതു നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകളുമായി യുക്മ

അനീഷ് ജോൺ (യുക്മ നാഷണൽ പി.ആർ.ഒ.)
 
ലോക പ്രവാസി മലയാളി സമൂഹങ്ങളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുകൊണ്ട് സമാപിച്ച ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജന സഹസ്രങ്ങളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിക്കൊണ്ട് 2016 പ്രവർത്തന വര്ഷം അവസാനിച്ചു കഴിഞ്ഞു.
 
ഒപ്പം 2015-2017 കാലഘട്ടത്തിലെ, അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യുവും ശ്രീ. സജീഷ് ടോമും നേതൃത്വം നൽകിയ ദേശീയ ഭരണ സമിതി അഭിമാനകരമായ രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നു, ഈ ജനുവരിയിൽ.
 
കൂട്ടുത്തരവാദിത്വത്തിൻറെ  ഈ രണ്ട് വർഷം സംഘടനയെ കൂടുതൽ ജനകീയമാക്കിയ നേതൃത്വം എന്ന ബഹുമതി സ്വന്തമാക്കിക്കൊണ്ട് പടിയിറങ്ങുമ്പോൾ, പുതിയ അസ്സോസിയേഷനുകളെ നിരുപാധികം യുക്മയിലേക്ക് സ്വീകരിക്കേണ്ടതിലേക്കുള്ള ഇനിയും പൂർത്തീകരിക്കപ്പെടാനുള്ള നടപടികൾ പുതിയ ഭരണ സമിതിക്ക് ഒരു ദൗത്യമായി കൈമാറുകയാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡണ്ടും സെക്രട്ടറിയും ഒരേ സ്വരത്തിൽ പറയുന്നു.
 
ജനപക്ഷത്തുനിന്നുള്ള നിരവധി നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, 2016 ജനുവരി 16 ന് ബർമിംഗ്ഹാമിൽ നടന്ന മിഡ് ടേം ജനറൽ ബോഡി യോഗത്തിൽ പാസാക്കിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമാവലി ഭേദഗതികളുടെ പേരിൽ നിലവിലുള്ള ദേശീയ നേതൃത്വം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
 
പുതിയ ഭരണഘടനാ ഭേദഗതി അനുസരിച്ചു, തുടർച്ചയായി രണ്ടു ടേം ദേശീയ ഭാരവാഹികളായവരോ, തുടർച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നവരോ ഒരു ടേം ദേശീയ സമിതിയിൽ നിന്നും മാറി നിൽക്കേണ്ടതാണ്.
 
ഇത് പുതു മുഖങ്ങൾക്ക് സംഘടനാ നേതൃത്വത്തിൽ കൂടുതൽ അവസരങ്ങൾ നൽകും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ യുക്മ റീജിയണൽ-ദേശീയ സമിതികളിൽ ഭാരവാഹികളായി  പ്രവർത്തിച്ചു മികവ് തെളിയിച്ചവർ ആയിരിക്കും പ്രസിഡണ്ട്‌, ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുക എന്ന ഭേദഗതി, കൂടുതൽ പരിചയസമ്പന്നർ മുൻനിര നേതൃത്വത്തിൽ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുന്നുണ്ട്.  
 
ഭരണഘടനാ റിവ്യൂ കമ്മറ്റി അംഗങ്ങൾ എല്ലാവരും ഒപ്പിട്ട ഭേദഗതികൾ, തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ റീജിയണൽ പ്രസിഡന്റുമാർക്കും, സെക്രട്ടറിമാർക്കും, ദേശീയ കമ്മറ്റി അംഗങ്ങൾക്കും മാസങ്ങൾക്കു മുൻപേ തന്നെ അയച്ചു കഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ.സജീഷ് ടോം അറിയിച്ചു.
 
പ്രസ്തുത ഭേദഗതി എത്രയും വേഗം അംഗ അസോസിയേഷനുകൾക്ക് അയച്ചു കൊടുക്കുവാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇനിയും ഭേദഗതികൾ കിട്ടിയിട്ടില്ലാത്ത അസോസിയേഷനുകൾ അതാത് റീജിയണൽ സെക്രട്ടറിമാരെയോ പ്രസിഡന്റ്മാരെയോ  ബന്ധപ്പെടേണ്ടതാണ്.
 
ജനുവരി 21, 22 തീയതികളിൽ റീജിയണൽ തെരഞ്ഞെടുപ്പുകളും, ജനുവരി 28 ശനിയാഴ്ച ദേശീയ തെരഞ്ഞെടുപ്പ് പൊതുയോഗവും  പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ യുക്മയുടെ സംഘടനാ സംവിധാനം അടിമുടി  ചലനാത്മകമായ മാറിക്കഴിഞ്ഞു.
 
തെരഞ്ഞടുപ്പ് വിജ്ഞാപനം ഇതിനകം എല്ലാ അംഗ അസ്സോസിയേഷനുകളിലും എത്തിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന ചെറിയ ആശയക്കുഴപ്പങ്ങളെല്ലാം പൂർണ്ണമായി പരിഹരിച്ചുകൊണ്ട് എല്ലാ റീജിയണൽ കമ്മറ്റികളും ദേശീയ കമ്മറ്റിയും ഒറ്റക്കെട്ടായി തങ്ങളുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള നേതാക്കളെ  തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് നീങ്ങുകയാണ്.    
 
ചിട്ടയായ കേഡർ സംവിധാനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ സംഘടനാ എന്നനിലയിൽ,  തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്‌ തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് വിവിധ റീജിയണൽ കമ്മറ്റികളോടും അംഗ അസ്സോസിയേഷനുകളോടും യുക്മ ദേശീയ ഭരണ സമിതിഅഭ്യർത്ഥിച്ചു.
 
 പ്രസിഡന്റ് അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യു, ജനറൽ സെക്രട്ടറി സജീഷ് ടോം, ട്രഷറർ ഷാജി തോമസ്, വൈസ് പ്രസിഡണ്ട്മാരായ മാമ്മൻ ഫിലിപ്പ്, ബീന സെൻസ്, ജോയിന്റ് സെക്രട്ടറിമാരായ ബിജു തോമസ്, ആൻസി ജോയ്, ജോയിന്റ് ട്രഷറർ എബ്രഹാം ജോർജ് എന്നിവരുടെയും, റീജിയണൽ പ്രസിഡണ്ട്മാരായ രഞ്ജിത്ത് കുമാർ, സുജു ജോസഫ്, ജയകുമാർ നായർ, മനോജ് പിള്ള, അഡ്വക്കേറ്റ് സിജു ജോസഫ്, ജോജി ജോസ്, അലക്സ് എബ്രഹാം എന്നിവരുടെയും, റീജിയനുകളിൽനിന്നുള്ള നാഷണൽ കമ്മറ്റി അംഗങ്ങൾ, മറ്റ് റീജിയണൽ ഭാരവാഹികൾ തുടങ്ങിയവരുടെയും   നേതൃത്വത്തിൽ, സുസംഘടിതമായ രൂപരേഖയുടെ അടിസ്ഥാനത്തിൽ, രണ്ട് പ്രവർത്തന വർഷങ്ങൾ പിന്നിടുന്ന നിലവിലുള്ള യുക്മ നേതൃത്വത്തിന് ഇത് അഭിമാന നിമിഷങ്ങൾ.