21-Jul-2018

തിരുവാതിര,ചെണ്ടവാദ്യം,വള്ളം കളി...ഇത് കേരളമോ യു കെയോ?

കെ.നാരായണന്‍

LONDON: 2018:  ജൂണ്‍ 30 ഓക്സ്ഫോര്‍ഡ് & 2018 ജൂലൈ 1 ഈസ്റ്റ്ഹാം: യു.കെ മലയാളികളുടെ ഓര്‍മകളില്‍ മറക്കാനാകാത്ത രണ്ട്  ദിവസങ്ങള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ഇക്കഴിഞ്ഞ അവധി ദിനങ്ങള്‍ കടന്നു പോയത്.
 
ഒരിക്കലും വിശ്വസിക്കാനാകാത്തതെന്നു ഖ്യാതിയുള്ള ബ്രിട്ടീഷ് കാലാവസ്ഥ പോലും നമ്മുടെ കേരളത്തിന്റെ വഞ്ചി പാട്ടുകള്‍ക്കും,തിരുവാതിരക്കും,ചെണ്ട മേളത്തിനുമായി അവസരമൊരുക്കി,
 
കേരളത്തിന്റെ പേരും,പെരുമയും കേരളീയമായി ആവിഷ്കരിക്കാന്‍ അനുവദിച്ച  രണ്ട് ദിവസങ്ങള്‍.
 
ഒരു പക്ഷേ ഇവിടം തന്നെയാണ് കേരളമെന്നു ബഹുഭൂരിപക്ഷം യു.കെ മലയാളികളെയും ചിന്തിപ്പിക്കുവാന്‍ പ്രേരിതമായ ജൂണ്‍ മുപ്പതിലെയും,ജൂലൈ ഒന്നിലെയും ശനി,ഞായര്‍ ദിവസങ്ങള്‍.
 
യു.കേയിലെ മലയാളികളുടെ സര്‍വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി സമാദരണീയനായ ശ്രീ: വി.കെ കൃഷ്ണമേനോന്‍ തുടങ്ങി വച്ച മലയാളി സമാജത്തിലൂടെ വളര്‍ന്നു പന്തലിച്ച യു കേയിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെയും,മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയും ആയിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് കേളി കൊട്ടുയര്‍ത്തിക്കൊണ്ട് വര്‍ണപ്പകിട്ടും,വൈവിധ്യമാര്‍ന്നതുമായ ദിവസങ്ങള്‍ യു.കെ മലയാളികള്‍ക്ക്  മുന്നില്‍ സമര്‍പ്പിച്ചത്.
 
ചരിത്രം ഉറങ്ങി കിടക്കുന്ന ഓക്സ്ഫോര്‍ഡും,അവിടുത്തെ ഫാര്‍മൂര്‍ തടാകവും കേരളീയ കലാ രൂപങ്ങളായ ചെണ്ട വാദ്യത്തിന്റെയും, തെയ്യത്തിന്റെയും അകമ്പടി ഏറ്റു വാങ്ങി കേരളക്കരയുടെ അഭിമാനമായ ചുണ്ടന്‍ വള്ളങ്ങളുടെ മത്സര വേദി ആയപ്പോള്‍, പൊതു വേദിയില്‍ വച്ച് നടത്തപ്പെടുന്ന യൂറോപ്പിലെ ഏറ്റവും വലിയ തിരുവാതിരക്കളിക്കായിരുന്നു യു.കേയിലെ കേരളമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഈസ്റ്റ് ഹാമിലെ ഫ്ലന്റെഴ്സ് ഫീല്‍ഡ് സാക്ഷ്യം വഹിച്ചത്.
 
കേരളത്തില്‍ നടക്കുന്ന വള്ളം കളിയുടെ വീറും വാശിയയും അപ്പാടെ ഉള്‍ക്കൊണ്ടുകൊണ്ട് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മുപ്പത്തി രണ്ടോളം ടീമുകളില്‍ നിന്നുമായി ഏകദേശം അറുനൂറില്‍പരം  മത്സരാര്‍ത്ഥികള്‍ ഹാര്‍മൂര്‍ തടാകത്തില്‍ വള്ളം കളിയുടെ മാറ്റൊലികള്‍ സൃഷ്ടിച്ചു കാണികളുടെ മനം കവര്‍ന്നപ്പോള്‍,തൊട്ടടുത്ത ദിവസം മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ തനതു വേഷത്തില്‍ നിലവിളക്കിന് ചുറ്റും പാട്ടിന്റെ താളത്തിനൊപ്പം കേരളസ്ത്രീകള്‍ കൈകൊട്ടിപ്പാടി അവതരിപ്പിക്കുന്ന സംഘനൃത്ത കലാരൂപമായ തിരുവാതിര ആയിരുന്നു  ഈസ്റ്റ് ഹാമിലെ ഫ്ലാന്‍ടെസ് ഫീല്‍ഡില്‍ അരങ്ങേറിയത്.
 
ഏകദേശം മുന്നൂറില്‍ പരം കലാകാരികള്‍ ചേര്‍ന്നവതരിപ്പിച്ച കേരളക്കരയുടെ മാത്രം സ്വന്തമായ തിരുവാതിര യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തിരുവാതിര ആയിരുന്നു എന്ന വിശേഷണവും അര്‍ഹിക്കുന്നു.
 
അതോടൊപ്പം തന്നെ നമ്മുടെ സാംസ്കാരിക പൈതൃകം കൂട്ടിയിണക്കുന്നതിലും, സുദൃടമാക്കുന്നതിനും  ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു  എന്നതും സ്വാഗതാര്‍ഹം തന്നെയെന്നതില്‍ സംശയിക്കേണ്ടതില്ല.