21-Jun-2018

ജയശ്രീ ശ്യാംലാലിന്റെ നോവല്‍ ‘മാധവി’ യുടെ പ്രകാശനവും കഥകളിയും ഇന്ന് ക്രോയ്ഡോണില്‍

കെ.നാരായണന്‍

LONDON Nov 15: കാല്‍ നൂറ്റാണ്ടിലേറെക്കാലമായി കേരളത്തിന്റെ തനതു കലാ രൂപമായ കഥകളിക്ക് യൂറോപ്പിലെങ്ങും പ്രചുര പ്രചാരം നേടിക്കൊടുത്ത കലാ ചേതനയുടെ കഥകളിയും, വായനയുടെ ലോകത്ത് പുതിയൊരനുഭവമായി മാറിക്കൊണ്ടിരിക്കുന്ന ശ്രീമതി ജയശ്രീ ശ്യാംലാലിന്റെ ‘മാധവി’ എന്ന നോവലിന്റെ യു.കേയിലെ ഔപചാരിക പ്രകാശനവും ശനിയാഴ്ച  (18 NOV 2017) വൈകിട്ട് അഞ്ചു മണിമുതല്‍ ക്രോയ്ഡോണ്‍ ലാന്ഫ്രാങ്ക് സ്കൂളില്‍ വച്ച് നടക്കുന്നു.
 
ലണ്ടനിലെ ഇന്ത്യന്‍ വംശജകര്‍ക്കിടയിലെ പ്രവാസി മലയാളികളുടെ വേറിട്ടൊരു ലോകവും, വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകര്‍ക്കുന്ന പഴമയും, പുതുമയും തമ്മിലുള്ള സംഘര്‍ഷങ്ങളും ഉള്‍പ്പെടെ ലണ്ടന്‍ കുടിയേറ്റക്കാരുടെ കഥയാണ് മാധവിയിലൂടെ ശ്രീമതി ജയശ്രീ ശ്യാംലാല്‍ പറയുന്നത്.
 
ശരാശരി മനുഷ്യ മനസ്സില്‍ ആസ്തികതയും, നാസ്ഥികതയും ഊട്ടി വളർത്തി ജന്മ നിർവഹണത്തിന്റെ വേരുകൾ പേറുന്ന സാധാരണ കുടിയേറ്റക്കാരനായ മലയാളിയുടെ സങ്കീർണ മനോവ്യാപാരങ്ങളെ ലളിതമായ നിരീക്ഷണത്തോടെ വിവരിക്കുവാനും ശ്രീമതി ജയശ്രീ ശ്യാംലാല്‍ മാധവി എന്ന തന്റെ പ്രഥമ നോവലിലൂടെ ശ്രമിച്ചിരിക്കുന്നു.
 
നൈതിക സംഘർഷം തുടങ്ങുന്നതും,ഒടുങ്ങുന്നതും വ്യക്തിയിൽ തന്നെയാണന്നും,എന്നാൽ അയാളുടെ അനന്തമായ ബന്ധപ്പെടലുകളിലൂടെ ഒരു സമൂഹത്തിന്റെ ചരിത്രം മുഴുവൻ നേരിട്ട് കഥാ വസ്തുവായി തീരുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ് മാധവി എന്ന നോവല്‍. അത് കൊണ്ട് തന്നെ  ജീവിതാനുഭവങ്ങളെ തനതായ അസ്ഥിത്വത്തോട് സമന്വയിപ്പിച്ചുകൊണ്ട് വിരചിതമായ കഥയാണ് മാധവി എന്നും വിശേഷിപ്പിക്കാവുന്നതാണ്.
ജീവിതത്തിന്റെ എല്ലാ സന്നിഗ്ദ ഭാവങ്ങളെയും, അവ നില നില്ക്കുന്ന സമഗ്ര ഭാവങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് മനോഹരമാക്കി തീര്‍ത്തിരിക്കുന്ന ഈ സൃഷ്ടി കേരളത്തിലെ പ്രമുഖ പ്രസാധകരായ മംഗളോദയം ആണ് പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
 
യു.കെയില്‍ മലയാളി സാന്നിധ്യം ഏറെയുള്ള സ്ലോവില്‍ നിന്നും നമ്മുടെ മാതൃഭാഷയില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യ മലയാള നോവല്‍ കൂടിയാണ് മാധവി.
 
കേരളത്തില്‍ കൊല്ലം ജില്ലയില്‍ ജനിച്ചു,ഇപ്പോള്‍  യു.കെയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ശ്രീമതി ജയശ്രീ ശ്യാംലാല്‍  പ്രശസ്ഥ നാടകാചാര്യന്‍ ശ്രീ:ഓ.മാധവന്റെ ഇളയ മകളും, സിനിമാ നടനും,എം.എല്‍.യുമായ ശ്രീ മുകേഷിന്റെ സഹോദരിയും കൂടിയാണ്.
 
പുസ്തക പ്രകാശനത്തിനോടൊപ്പം നടക്കുന്ന കലാ വിരുന്നില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം യു.കെ മലയാളി സദസിനു മുന്നില്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്ന കഥകളിയും, വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് റീജിയണലില്‍ നിന്നുമുള്ള കലാപ്രതിഭകള്‍  അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും,മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെയുടെയും,സംഗീത ഓഫ് ദി യു.കെയുടെയും ചെണ്ട വാദ്യ സംഘം നയിക്കുന്ന ചെണ്ട മേളവും ഉണ്ടായിരിക്കുന്നതാണ്.
 
കേരളത്തിന്റെ പൈതൃക കാഴ്ചകള്‍ ഉണര്‍ത്തുന്ന ഈ സായാഹ്നം അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ എല്ലാ  കലാ സ്നേഹികള്‍ക്കും സ്വാഗതം.
 
World Malayalee Council- UK

On Saturday (18/11/2017) From 5pm

Venue: Archbishop Lanfranc Academy, Mitcham Road, Croydon, CR9 3AS

(This event is organised in aid of differently abled children in Trivandrum. Please contact 07786158579 / 07769940391/ 07867512041 for further information).