23-Jul-2018

ഓർമ്മകൾ പുതുക്കാൻ മറ്റൊരു വിഷു കൂടി: കെ.നാരായണൻ

കണി കാണും നേരം  
കമലാ നെത്രന്റെ  
നിറമേറും മഞ്ഞ തുകിൽ ചാർത്തി  
കനക കിങ്ങിണി വളകൾ മോതിരം  
അണിഞ്ഞു കാണേണം ഭഗവാനെ ...
 
സ്വർണ വർണ നിറത്തിൽ കണിക്കൊന്നകൾ പൂത്തുലയുന്നതോടെ മേട മാസം വരവായി എന്നർത്ഥം.ഗ്രാമ വീഥികളും,നഗര വീഥികളും,വീടിൻ പ റമ്പുമെല്ലാം മേട പൊന്നിൽ അലംകൃതമാകുന്ന കാലം.
 
കൊച്ചു കുട്ടികൾക്കൊപ്പം മുതിര്‍ന്നവരും  ഓടി നടന്ന് കൊന്ന പൂക്കൾ ശേഖരിച്ചിരുന്നതും, വിഷുക്കണി ഒരുക്കി കണികാണാൻ കാത്തിരുന്നതുമെല്ലാം ഇന്നൊരു കടം കഥ ആണെങ്കിലും വിദേശ മലയാളിക്ക് എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ തന്നെയാണ് മേടമാസത്തിലെ വിഷു.
 
സമ്പത്തിന്റെയും,സമൃദ്ധിയുടെയും വരവ് അറിയിക്കുന്നതാണ് മേടമാസത്തിലെ ഒന്നാം തീയതിയും നമ്മൾ കേരളീയർ കൊണ്ടാടുന്ന വിഷുവും. മലയാള കാല ഗണനാ രീതി ( കലണ്ടർ) പ്രകാരം കൊല്ലവർഷാരംഭം മേടം ഒന്ന് ആകയാൽ അന്നേ ദിവസം പുതു വർഷമായും ആഘോഷിച്ചിരുന്നു.
 
ഭാരതീയ ജ്യോതിഷത്തിലും വിഷുവിനു ഗണ്യമായ സ്ഥാനമാണുള്ളത്. ജ്യോതിഷ ശാസ്ത്ര പ്രകാരം രാശി ചക്രത്തിലെ ആദ്യ രാശിയായ മേടം രാശിയിലൂടെ സൂര്യൻ കടന്നു പോകുന്ന ദിവസമാണിത്.
 
ഭൂമിയിൽ ഊഷ്മളത പടർത്തി വസന്ത കാലത്തിനു തുടക്കം കുറിക്കുവാൻ സഹായകമാകുന്നത് ജ്യോതിഷ്ചക്രത്തിലെ മേടം രാശി എന്ന  പ്രതിഭാസമാണെന്ന് കരുതപ്പെടുന്നു.
 
നൂറ്റാണ്ടുകളോളം കേരളീയരുടെ  പുതു വര്‍ഷം  മേടം ഒന്ന് വിഷു ദിനത്തിലായിരുന്നെങ്കിലും, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ   ഓണത്തിനു പ്രാധാന്യം ഏറുകയും മേടം കഴിഞ്ഞു വരുന്ന ചിങ്ങമാസത്തിലെ ഒന്നാം തീയതി പുതുവർഷമായും, തിരുവോണം ദേശീയ ഉൽസവമായും ആഘോഷിച്ചു തുടങ്ങുകയും ചെയ്തു.
 
ഇതിനു കാരണമായി കരുതപ്പെടുന്നത് ഒരാണ്ട് മുഴുവൻ നീണ്ടു നില്ക്കുന്ന സമ്പത്തിന്റെയും,സമൃദ്ധിയുടെയും പ്രതീകമായ മേട മാസം കൃഷിയിറക്കിനു നല്ല സമയമായും വിളവെടുപ്പിനു ചിങ്ങമാസം നല്ലതാണെന്നും ഉള്ള വിശ്വാസവുമാണ്.
 
ശുഭ കാര്യങ്ങൾക്ക് നല്ല ദിവസമായതിനാൽ ഒട്ടനവധി നൂതന സംരംഭങ്ങൾക്ക്‌ തുടക്കം കുറിക്കുന്നതും വിഷു ദിനത്തിലാണ്. അങ്ങിനെ സർവൈശ്വര്യങ്ങളുടെയും പ്രതീകമായി വിഷു ഇന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നു.
 
സംസ്കൃതത്തിൽ വിഷു എന്ന വാക്കിനർത്ഥം തുല്യത എന്നാണ്.ഈ ദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കണി. വിഷു ദിവസം ഉറക്കമുണർന്ന് ആദ്യം കാണുന്നതെന്തോ അതിനെയാണ് വിഷുക്കണി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
 
ഉരുളിയിൽ ധാന്യം,വെള്ളരിക്ക,നാരങ്ങ,വെറ്റിലയും, അടക്കയും , സ്വർണാഭരണങ്ങൾ,ചെറുതും വലുതുമായ നാണയ തുട്ടുകൾ, കണ്ണാടി,കൊന്നപൂവ് മുതലായവ കൊണ്ട്  പൂജാ മുറിയിലെ നിലവിളക്കിനു മുന്നിൽ തലേ ദിവസം കരുതി വക്കുകയും, ഒന്നാം തീയതി അതി രാവിലെ കണ്ണ് മൂടിക്കെട്ടി ഇഷ്ട ദേവന്റെ  മുന്നിൽ  കണ്ണ് തുറന്നു നോക്കി കാണുന്നതിനെയുമാണ്‌ വിഷുക്കണി എന്ന് പറയപ്പെടുന്നത്‌.
 
ഉരുളിയിൽ ധാന്യത്തിനുമേൽ വച്ചിരിക്കുന്ന ഭാഗവതമോ,രാമായണമോ തുറന്ന് ആദ്യം കാണുന്ന വരികൾ വായിക്കുമ്പോൾ ഒരു വർഷം നീണ്ടുനില്ക്കുന്ന ആണ്ടുഫലം അറിയാൻ സാധിക്കുമെന്ന ചില വിശ്വാസങ്ങളും നിലവിലുണ്ട്.
 
വിഷു ദിവസം കണി കാണുവാൻ വേണ്ട ചുറ്റു വട്ടങ്ങൾ തലേ ദിവസം തന്നെ ഒരുക്കുന്നതിന്റെ മേൽനോട്ടം വീട്ടിലെ മുത്തശിമാരുടേയും,തല മുതിർന്ന സ്ത്രീകളുടെയും ചുമതലയായി കരുതപ്പെടുന്നു.
 
വിഷുവിനെക്കുറിച്ചുള്ള ഐതീഹ്യങ്ങൾ പലതുണ്ടെങ്കിലും പരമാത്മാവായ വിഷ്ണു ദേവനെ പ്രീതിപ്പെടുത്തുന്നതിനാണ് കണിയൊരുക്കൽ എന്ന വിശ്വാസമാണ് പരക്കെ അംഗീകരിച്ചു വരുന്നത്.
 
വിഷുക്കണികാണൽ വീടുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ചടങ്ങല്ല ഇപ്പോള്‍.ഇഷ്ട ദേവനെ കണികണ്ടുണരാൻ അമ്പലങ്ങളിലും ,പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഹാളുകളിലും ഇപ്പോൾ സൌകര്യങ്ങൾ ഏറെയാണ്‌ .കേരളത്തിൽ ഗുരുവായൂരും,ശബരിമലയിലും ഭക്തർക്ക്‌ ഭഗവാനെ കണികണ്ടുണരുവാൻ പ്രത്യേക സംവിധാനങ്ങൾ ഇന്നേ ദിവസം സജ്ജമാക്കാറുണ്ട്.
 
കണി കാണലിനു ശേഷം വിഷു കൈ നീട്ടം.പ്രഭാതത്തിൽ ദേഹശുദ്ധി വരുത്തി, പുതു വസ്ത്രങ്ങളണിഞ്ഞു കുട്ടികളും,മുതിർന്നവരുമെല്ലാം വീട്ടിലെ കാരണവരിൽ നിന്നും കൈ നീട്ടം വാങ്ങുവാനായ് കാത്തിരിക്കുന്നത് വിഷുവിന്റെ മറ്റൊരു വിശേഷതയാണ്.
 
ഇന്ന് ഇതെല്ലാം ഓർമകളിൽ മാത്രമാണ് എന്ന് പറഞ്ഞു കൊള്ളട്ടെ.പണ്ട് കാലങ്ങളിൽ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തു വകകൾ കൈ നീട്ടമായി കൊടുക്കുന്നതു ഒരു പതിവായിരുന്നു.ധനികരായവർ ഗ്രാമ വാസികൾക്കെല്ലാം കൈനീട്ടം കൊടുത്തിരിന്നു.
 
വീട്ടിലെ മുതിർന്നവരിൽ നിന്നും ഇളയവർ കൈ നീട്ടം വാങ്ങുന്നത് ശുഭ സൂചകമായും,എന്നാൽ ഇളയവരിൽ നിന്നും മുതിർന്നവർ കൈ നീട്ടം സ്വീകരിക്കുന്നത് അശുഭമായും കേരളത്തിൽ ചിലയിടങ്ങളിൽ വിശ്വസിച്ചു വരുന്നു.
 
വിഷുക്കണിയും,വിഷുകൈ നീട്ടവും കഴിഞ്ഞു വരുന്നതാണ് വിഷു ഭക്ഷണം.തനതു വിഭവങ്ങളോടൊപ്പം മധുരം വിളമ്പിയും മറ്റുമാണ് ഇപ്പോൾ വിഷു ആഘോഷിക്കുന്നതെങ്കിലും പണ്ട് കാലങ്ങളിൽ കഞ്ഞിയും,പയർ തോരനുമായിരുന്നു വിഷു ദിവസത്തിലെ പ്രധാന ഭക്ഷണം.
 
വിഷു കഞ്ഞി എന്ന് തന്നെയായിരുന്നു ഇതിനെ വിളിച്ചിരുന്നതും. പഴുത്ത പ്ലാവില കുമ്പിൾ കോർത്ത്‌ ഉമ്മറത്തു കുടുംബാങ്ങളുമൊത്തു വട്ടം കൂടിയിരുന്നു കഴിക്കുന്ന വിഷു കഞ്ഞിയുടെ സ്വാദ് ഓർക്കുന്നവരിൽ ചിലരെങ്കിലും ഇന്നും നമ്മോടൊപ്പം കാണാതിരിക്കില്ല.
 
തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി വിഷുക്കഞ്ഞി കുടിക്കാൻ എല്ലാവരും വീടുകളിൽ ഒത്തു ചേരുന്ന സമ്പ്രദായം ഒരിക്കൽ കേരളത്തിൽ സാർവത്രികമായിരുന്നു.
 
ഈ ചടങ്ങും കഴിഞ്ഞു കുട്ടികൾക്കൊപ്പം പടക്കങ്ങൾ പൊട്ടിച്ചും,പൂത്തിരികൾ കത്തിച്ചും ജാതി മത ഭേദമില്ലാതെ കേരളീയർ എല്ലാവരും ഒത്തു ചേർന്ന് ആടിയും,പാടിയും ആർത്തുല്ലസിച്ചും മേട മാസത്തിലെ വിഷുവിനെ ആഘോഷപൂർണമാക്കിയിരുന്ന ഒരു ഭൂത കാലം നമുക്കുണ്ടായിരുന്നു എന്നത് ഇന്ന് വെറും കേട്ടുകേൾവി മാത്രം.
 
കാലം മാറി.ജനങ്ങളും,രീതികളും മാറി. വഴിയോരങ്ങളിൽ പൂത്തുലഞ്ഞിരുന്ന കണിക്കൊന്നകൾ ഇന്ന് നമുക്കന്യം.പകരം രൂപത്തിലും,ഭാവത്തിലും യാഥാർത്ഥ്യം തോന്നിക്കുന്ന വിദേശ നിർമിത പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ ആയിരിക്കുന്നു കണികാണുവാൻ ഇന്ന് കേരളീയ ഭവനങ്ങളിലെ ഉരുളികളിൽ നിറയുന്നത്.
 
പരമ്പരാഗതമായ ആഘോഷങ്ങളിൽ പലതും നമുക്കിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ വിഷുവും പരസ്യ പലകകളിലെ ഡിസ്കൌണ്ട് വാചകങ്ങൾ കണ്ട് മാത്രം ഓർമിക്കപ്പെടേണ്ട ഒന്നായി മാറിയിരിക്കുന്നു.
 
കേരളത്തിലെ ഈ അവസ്ഥക്ക് അപവാദമായി നില്ക്കുന്നത് നമ്മള്‍ യു.കെ മലയാളികൾ ഉൾപ്പെടുന്ന ലക്ഷോപലക്ഷം പ്രവാസി മലയാളികൾ ആണെന്നതിൽ സംശയമില്ല.
 
കണിക്കൊന്ന നട്ട് വളർത്തി, കൊന്നപ്പൂവിറുത്തു,വിഷു സംക്രമ പക്ഷികളുടെ കള കൂജനവും കേട്ട് കണികണ്ടുണരാൻ ഇവിടുത്തെ മലയാളികൾക്ക് സാധിക്കുന്നില്ലെങ്കിലും അവരുടെ പൂജാ മുറികളിൽ പ്ലാസ്റ്റിക് കൊന്നപൂക്കൾ കാണുവാൻ കഴിയില്ല.
 
പകരം കണിക്കൊന്നയോട് സാമ്യമുള്ളതും,സ്വർണ,വർണ നിറമുള്ളതുമായ ഡാഫോടില്സും,സൂരുകാന്തി പൂവും ഒരുക്കി അവർ വിഷുവിനെ എതിരേൽക്കുന്നു,ആഘോഷിക്കുന്നു.
 
വിഷു ഉണർത്തുന്ന ഗൃഹാതുരത്വത്തിന് ഉദാഹരണമാണ് വിദേശ മലയാളികളുടെ ഈ ആഘോഷങ്ങൾ.വിശേഷണങ്ങൾ ഏറെയുള്ള വിഷു മാഹാത്മ്യം തലമുറകൾ കൈമാറി പാരമ്പര്യം നിലനിർത്തുവാൻ കഴിവുള്ളവരാകട്ടെ ഇക്കഥകൾ കേട്ട് നമുക്ക് പിന്നാലെ വരുന്ന പുതു തലമുറയും എന്ന വിശ്വാസത്തോടെ,
 
'യു.കെ മലയാളി' യുടെ നല്ലവരായ വായനക്കാർക്കും,സുഹൃത്തുക്കൾക്കും,കുടുംബാംഗൾക്കും സ്നേഹനിർഭരമായ വിഷു ആശംസകൾ.