21-Nov-2017

വിശിഷ്ട സേവനത്തിനുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ പുരസ്കാരം ടി. ഹരിദാസിന്

ലണ്ടൻ NOv 9: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഏർപ്പെടുത്തിയ വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ പുരസ്കാരം ഇന്ത്യൻ ഹൈക്കമ്മിഷനിലെ മലയാളി ഉദ്യോഗസ്ഥനും കെ.ജി.ആർ.ഗ്രൂപ്പ് ഉടമയുമായ ടി. ഹരിദാസിനു സമ്മാനിച്ചു. 
 
ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ കഴിഞ്ഞദിവസം ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഗോള മലയാളി മലയാളി സംഗമത്തിലായിരുന്നു പുരസ്കാരദാനം. 
 
ലണ്ടനിലെ ഇന്ത്യൻ ഹൈമ്മിഷനിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി പ്രവർത്തിക്കുന്ന തെക്കേമുറി ഹരിദാസ് എന്ന ടി. ഹരിദാസ് ഗുരുവായൂർ സ്വദേശിയാണ്.
 
ഇന്ത്യൻ ഭക്ഷണപ്രേമികളായ വിദേശികൾക്ക്  കേരളത്തിന്റെ തനതായ രുചിക്കൂട്ടുകൾ സമ്മാനിച്ചു വളർന്ന യു.കെയിലെ പ്രശസ്തമായ കേരളാ ഗ്രൂപ്പ് ഓഫ് റസ്റ്റൊറന്റ്സിന്റെ (കെജിആർ ഗ്രൂപ്പ്) ഉടമയാണ് ഹരിയേട്ടൻ എന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും വിളിക്കുന്ന ഹരിദാസ്. 
 
കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, രാജ്യസഭാംഗവും സിനിമാ നടനുമായ സുരേഷ് ഗോപി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഓസ്ട്രിയയിലെ ഇന്ത്യൻ മിഷൻ സ്ഥാനപതി രേണുപാലാണ് ഹരിദാസിന് പുരസ്കാരം സമ്മാനിച്ചത്.
 
ടൂറിസം മാൻ ഓഫ് ദ ഇയർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മുമ്പും ലഭിച്ചിട്ടുള്ള ഹരിദാസ് നാൽപത് വർഷത്തിലേറെയായി ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനാണ്.
 
പ്രവാസി ഇന്ത്യക്കാരുടെ പ്രത്യേകിച്ച്, മലയാളികളുടെ ബ്രിട്ടണിലെയും യൂറോപ്പിലെയും അനൗദ്യോഗിക അംബാസഡറായി അറിയപ്പെടുന്ന ഹരിദാസ് ബ്രിട്ടനിലെ വിവിധ കലാ- സാംസ്കാരിക സംഘടനകളുടെയും സാരഥിയും രക്ഷാധികാരിയുമാണ്.